ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുമ്പ് പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രേയസ് അയ്യര്‍ക്കാകും എന്നാണ് പ്രതീക്ഷിക്കുന്നത്

ലണ്ടന്‍: പരിക്കിന്‍റെ പിടിയിലുള്ള ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. പുറംവേദനയ്‌ക്ക് യുകെയില്‍ വച്ച് നടന്ന ശസ്‌ത്രക്രിയ വിജയകരമാണ് എന്നാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ 2023 സീസണ്‍ അയ്യര്‍ക്ക് നഷ്‌ടമായിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ക്യാപ്റ്റനായിരുന്നു അദേഹം. ഓസ്ട്രേലിയക്കെതിരെ ജൂണില്‍ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അയ്യര്‍ക്ക് നഷ്‌ടമാകും. 

എന്നാല്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുമ്പ് പരിക്ക് മാറി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രേയസ് അയ്യര്‍ക്കാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശസ്‌ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ മൂന്ന് മാസം ശ്രേയസിന് വേണ്ടിവരും എന്നാണ് കണക്കുകൂട്ടല്‍. പുറംവേദന മാറിയെന്ന് കരുതി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ക്ക് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസം കളിച്ച ശേഷം പിന്നീട് ഡ്രസിംഗ് റൂമില്‍ ഇരിക്കേണ്ടിവന്നു താരത്തിന്. 

അടുത്തിടെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും പുറംവേദനയെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ന്യൂസിലന്‍ഡില്‍ വച്ചായിരുന്നു ബുമ്രയുടെ സര്‍ജറി. ബുമ്രയേയും ഏകദിന ലോകകപ്പിന് മുമ്പ് തയ്യാറാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാവും ബുമ്രയുടെ തുടര്‍ ചികില്‍സയും പരിശീലനവും. ഐപിഎല്‍ പതിനാറാം സീസണ്‍ നഷ്‌ടമായ ബുമ്രക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനാവില്ല. ഇന്ത്യയില്‍ വച്ച് ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 11 വരെയാണ് ഏകദിന ലോകകപ്പ്. 2022 ഒക്ടോബറിലാണ് ടീം ഇന്ത്യക്കായി ഒടുവില്‍ ബുമ്ര കളിച്ചത്. ഇതിന് ശേഷം ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ടീം ഇന്ത്യയുടെ മത്സരങ്ങളും നഷ്‌ടമായിരുന്നു. 

Read more: ഐപിഎല്ലില്‍ ഇന്ന് മഴ കളിക്കുമോ, റണ്ണൊഴുകുമോ? ചെന്നൈയിലെ പിച്ച് റിപ്പോര്‍ട്ടും കാലാവസ്ഥയും