കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ചെയ്തത് ഇത്തവണ അവൻ ചെയ്യും, ഇന്ത്യൻ യുവതാരത്തെക്കുറിച്ച് സുരേഷ് റെയ്ന
കഴിഞ്ഞ ഒന്നരവര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നതെന്ന് റെയ്ന പറഞ്ഞു. വിന്‍ഡീസിനെതിരെ പതറിയെങ്കിലും ഏഷ്യാ കപ്പിലൂടെ ഗില്‍ ശക്തമായി തിരിച്ചുവന്നിരിക്കുന്നു. വന്‍ഡീസിനെതിരെ 40കളില്‍ പുറത്തായിരുന്ന ഗില്‍ ഇപ്പോള്‍ അനായാസം 50ഉം 100ഉം അടിക്കുന്നു.

മുംബൈ: ഇംഗ്ലണ്ട് വേദിയായ 2019 ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ്. ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും അഞ്ച് സെഞ്ചുറി ഉള്‍പ്പെടെ ടൂര്‍ണമെന്‍റില്‍ 648 റണ്‍സടിച്ച് രോഹിത് ടോപ് സ്കോററായിരുന്നു. ഇത്തവണയും രോഹിത്തില്‍ നിന്ന് സമാനമായൊരു പ്രകടനമാണ് ടീം ആഗ്രഹിക്കുന്നത്.
എന്നാല്‍ അന്ന് രോഹിത് ഇന്ത്യക്കായി പുറത്തെടുത്ത പ്രകടനം ഇത്തവണ ഇന്ത്യക്കായി ആവര്‍ത്തിക്കുക മറ്റൊരു താരമായിരിക്കുമെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. മറ്റാരുമല്ല, ഓപ്പണിംഗില്‍ രോഹിത്തിന്‍റെ പങ്കാളിയായ ശുഭ്മാന്‍ ഗില്‍. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ബാബര്‍ അസമിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഗില്ലാകും ഇത്തവണ ലോകകപ്പില്‍ ഇന്ത്യയുടെ താരമാകുകയെന്ന് റെയ്ന പറഞ്ഞു. ഐപിഎല്ലിലെ ടോപ് സ്കോററായതിനുശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ നിറം മങ്ങിയെങ്കിലും ഏഷ്യാ കപ്പിലൂടെ ഫോം വീണ്ടെടുത്ത ഗില്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ്.
കഴിഞ്ഞ ഒന്നരവര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നതെന്ന് റെയ്ന പറഞ്ഞു. വിന്‍ഡീസിനെതിരെ പതറിയെങ്കിലും ഏഷ്യാ കപ്പിലൂടെ ഗില്‍ ശക്തമായി തിരിച്ചുവന്നിരിക്കുന്നു. വന്‍ഡീസിനെതിരെ 40കളില്‍ പുറത്തായിരുന്ന ഗില്‍ ഇപ്പോള്‍ അനായാസം 50ഉം 100ഉം അടിക്കുന്നു. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും ഗില്ലെന്നും റെയ്ന പറഞ്ഞു.
ലോകകപ്പ് ടീം നോട്ടമിട്ട് അശ്വിനും സുന്ദറും, ഓസീസിനെതിരായ ആദ്യ ഏകദിനം നാളെ; ഇന്ത്യയുടെ സാധ്യതാ ടീം
അടുത്ത സൂപ്പര്‍ സ്റ്റാറും വിരാട് കോലിയുമെല്ലാം ആഗ്രഹിക്കുന്ന ഗില്ലിന് ലോകകപ്പ് പോലെ ഒരു വേദി കിട്ടാനില്ല. ഈ ലോകകപ്പ് കഴിയുമ്പോള്‍ അവനെക്കുറിച്ചായിരിക്കും നമ്മള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുക. അവനെതിരെ എവിടെ പന്തെറിയണമെന്ന് സ്പിന്നര്‍മാര്‍ക്ക് ഒരുപിടിയുമില്ല. പന്ത് സ്വിംഗ് ചെയ്യാത്ത സാഹചര്യങ്ങളില്‍ പേസര്‍മാരെയും അവന്‍ അടിച്ചു പറത്തും. അവന്‍റെ പ്രകടനം കാണുമ്പോള്‍ 2019ല്‍ രോഹിത് ഇന്ത്യക്കായി പുറത്തെടുത്ത പ്രകടനം ഇത്തവണ അവന്‍ പുറത്തെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും റെയ്ന പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക