ലോക്കല്‍ നെറ്റ് ബൗളറുടെ പന്ത് ഗില്ലിന്‍റെ പ്രതിരോധം ഭേദിച്ച് പന്ത് ഓഫ് സ്റ്റംപിളക്കുകയായിരുന്നു.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് യുഎഇയെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ ലോക്കല്‍ നെറ്റ് ബൗളറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് സഞ്ജു സാംസണ് പകരം പരിഗണിക്കുന്ന ശുഭ്മാന്‍ ഗില്‍. പരിശീലന സെഷനില്‍ പേസര്‍മാര്‍ക്കെതിരെ മികച്ച ഷോട്ടുകള്‍ കളിച്ച് നല്ല ടച്ചിലായിരുന്നു ഗില്‍ തുടങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തന്‍റ ട്രേഡ്മാര്‍ക്ക് ഷോട്ടായ കവര്‍ ഡ്രൈവ് അടക്കം കളിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയ ഗില്‍ പക്ഷെ ലോക്കല്‍ നെറ്റ് ബൗളറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
ലോക്കല്‍ നെറ്റ് ബൗളറുടെ പന്ത് ഗില്ലിന്‍റെ പ്രതിരോധം ഭേദിച്ച് പന്ത് ഓഫ് സ്റ്റംപിളക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് യുഎഇയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ് പകരം ശുഭ്മാന്‍ ഗില്ലാകും ഓപ്പണറായി ഇറങ്ങുക എന്നാണ് കരുതുന്നത്. അതേസമയം, ചൊവ്വാഴ്ച നടന്ന പരിശീലന സെഷനില്‍ മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മയുടെ പവര്‍ ഹിറ്റിംഗ് കൊണ്ട് ശ്രദ്ദേയമായി. നെറ്റ്സില്‍ ഒരു മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയ അഭിഷേക് 25-30 സിക്സുകളാണ് പരിശീലനത്തിനിടെ അടിച്ചുകൂട്ടിയത്.
പേസര്‍ അര്‍ഷ്ദീപ് സിംഗ് സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്രിയാന്‍ ലെ റൂക്സിന് കീഴില്‍ ഫിറ്റ്നെസ് പരിശീലത്തിനിറങ്ങിയപ്പോള്‍ നിര്‍ബന്ധിത പരിശീലന സെഷനല്ലാത്തതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ പരിശീലനത്തിനെത്തിയില്ല. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ആരാകും അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യൻ ടീം മാനേജ്മെന്‍റും ഇപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പരിശീലന സെഷനുകളില്‍ നിന്നുള്ള സൂചനകള്‍ അനുസരിച്ച് സഞ്ജു ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇറങ്ങാനുള്ള സാധ്യത കുറവാണ്.


