ഓവലിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ ശുഭ്മാൻ ഗിൽ റണ്ണൗട്ട് ആയെങ്കിലും ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോഡ് സ്വന്തമാക്കി.
ലണ്ടന്‍: ഓവലില്‍ ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ ആദ്യ ദിവസം മഴയുടെ കളിയായിരുന്നു. മഴയെ തുടര്‍ന്ന് 64 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം പൂര്‍ത്തിയാക്കാനായത്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 204 എന്ന ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. കരുണ്‍ നായര്‍ (52), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്സ്വാള്‍ (2), കെ എല്‍ രാഹുല്‍ (14), ശുഭ്മാന്‍ ഗില്‍ (21), സായ് സുദര്‍ശന്‍ (38) എന്നീ മുന്‍നിര താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
ഇതില്‍ ഗില്ലിന്റെ വിക്കറ്റാണ് ഏറെ നിരാശപ്പെടുത്തിയത്. ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. അറ്റ്കിന്‍സണിന്റെ പന്ത് തട്ടിയിട്ട് അനാവവശ്യ സിംഗിളിന് ശ്രമിക്കുകയായിരുന്നു താരം. എന്നാല്‍ പന്തെടുത്ത അറ്റ്കിന്‍സണ്‍ സ്റ്റംപിലേക്ക് എറിഞ്ഞു. താരം ക്രീസില്‍ നിന്ന് പുറത്തായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ റണ്‍സിനുള്ള സാധ്യത ഇല്ലായിരുന്നു. ഗില്‍ പുറത്തായെങ്കിലും ഒരു റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്താണ് ഗില്‍ മടങ്ങുന്നത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഗില്ലിന് സ്വന്തമായി.
സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 732 റണ്‍സാണ് ഗവാസ്‌കര്‍ അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 16 റണ്‍സ് കൂടി നേടിയാല്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിനേയും (752) ഗില്ലിന് മറികടക്കാം. ഇക്കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്. 1936ല്‍ ഇംഗ്ലണ്ടിനെതിരെ 810 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചുകൂട്ടിയത്. ഡേവിഡ് ഗോവര്‍ (732), ഗാരി സോബേഴ്‌സ് (722), ബ്രാഡ്മാന്‍ (715), ഗ്രെയിം സ്മിത്ത് (714) എന്നിവരും പിന്നിലായി.
രവീന്ദ്ര ജഡേജ (9), ധ്രുവ് ജൂറല്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് നഷ്ടമായിരുന്നു. നേരത്തെ, ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ഒല്ലി പോപ്പ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായതിനാലാണ് ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തത്. ഓവലില്‍ ടോസിന് മുമ്പ് വരെ മഴ പെയ്തിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന് പരിക്കേറ്റതിനാല്‍ ഒല്ലി പോപ്പ് ആണ് ഇന്ന് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
പേസര്‍ ജോഫ്ര ആര്‍ച്ചറും സ്പിന്നര്‍ ലിയാം ഡോസണും ബ്രെയ്ഡന്‍ കാര്‍സും ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. ജോഷ് ടംഗും ജാമി ഓവര്‍ടണും ബെഥേലുമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇളവനിലെത്തിയത്.

