ഹൈദരബാദില്‍ 149 പന്തുകളില്‍ നിന്ന് 208 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ നേടുന്ന ഏഴാമത്തെ ഇരട്ട സെഞ്ചുറിയായിരുന്നത്. രോഹിത് ശര്‍മ (3), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. 

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയാണ് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ താരം, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും നേടി. ഹൈദരബാദില്‍ 149 പന്തുകളില്‍ നിന്ന് 208 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ നേടുന്ന ഏഴാമത്തെ ഇരട്ട സെഞ്ചുറിയായിരുന്നത്. രോഹിത് ശര്‍മ (3), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. 

മത്സരശേഷം ഇന്നിംഗ്‌സിനെ കുറിച്ച് ഗില്‍ സംസാരിച്ചു. ഇരട്ട സെഞ്ചുറിയെ കുറിച്ചുള്ള ചിന്തപോലും മനസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഗില്‍ പറയുന്നത്. ''യഥാര്‍ത്ഥത്തില്‍ ഇരട്ട സെഞ്ചുറിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. എന്നാല്‍ 47-ാം ഓവറില്‍ സിക്‌സ് നേടിയപ്പോള്‍ എനിക്ക് കഴിയുമെന്നുള്ള തോന്നലുണ്ടായിരുന്നു. അതിന് മുമ്പ് എന്നിലേക്ക് വരുന്നത് മാത്രമാണ് കളിച്ചിരുന്നത്. സ്വാതന്ത്ര്യത്തോടെ കളിക്കുകയെന്ന ലക്ഷ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്. എന്നാല്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. എന്നിട്ടും എന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെയാണ് ഞാന്‍ കളിച്ചത്. മനോഹരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ചില സമയത്ത് ബൗളര്‍മാര്‍ നന്നായി പന്തെറിയും. എന്നാല്‍ സമ്മര്‍ദം അനുഭവിപ്പിക്കാനാണ് ശ്രമിച്ചത്. ഡോട്ട് ബോളുകള്‍ പരമാവധി ഒഴിക്കാന്‍ ശ്രമിച്ചു.'' ഗില്‍ പറഞ്ഞു. 

ബംഗ്ലാദേശിനെതിരെ കിഷന്‍ നേടിയ ഇരട്ട സെഞ്ചുറിയെ കുറിച്ചും ഗില്‍ സംസാരിച്ചു. ''ടീമില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ഇഷാന്‍ കിഷനാണ്. അവന്‍ ഇരട്ട സെഞ്ചുറി നേടുമ്പോള്‍ ഞാന്‍ ടീമിലുണ്ടായിരുന്നു. സ്‌പെഷ്യല്‍ ഇന്നിംഗ്‌സായിരുന്നു അത്. ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയത്ത് അത് കൃത്യമായി നടപ്പാക്കാന്‍ കഴിയുന്നതിലും ഏറെ സന്തോഷം. ഞാന്‍ പൂര്‍ണമായും തൃപ്തനാണ്. ഞാന്‍ പ്രതീക്ഷച്ചതിനേക്കാളും ആവേശമേറിയ മത്സരമായിരുന്നു ആദ്യത്തേത്.'' ഗില്‍ പറഞ്ഞു.

12 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഹൈദരാബാദില്‍ സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. 21ന് റായ്പൂരിലാണ് അടുത്ത ഏകദിനം. മൂന്നാം മത്സരം 24ന് ഇന്‍ഡോറില്‍ നടക്കും.

ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്തി! വിജയത്തിനിടയിലും ബ്രേസ്‌വെല്ലിന്റെ പേര് മറക്കാതെ രോഹിത്; സിറാജിനും പ്രശംസ