ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ആദ്യ നാല് സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം. ഒരു ടെസ്റ്റ് മത്സരം ബാക്കിയിരിക്കെ പട്ടികയില്‍ ആദ്യ നാല് പേരും ഇന്ത്യന്‍ താരങ്ങളാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന പട്ടികയുടെ അടുത്ത മൂന്ന് സ്ഥാനങ്ങളില്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ്. അഞ്ചാമത് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത്. ജോ റൂട്ട്, ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ യഥാക്രമം ആറ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് പത്താം സ്ഥാനത്ത്.
നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗില്‍ എട്ട് ഇന്നിംഗ്‌സില്‍ നിന്ന് 722 റണ്‍സാണ് ഇതുവരെ നേടിയത്. 90.25 ശരാശരിയിലാണ് നേട്ടം. 269 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാല് സെഞ്ചുറികളും ഉള്‍പ്പെടും. 12 സിക്‌സും 79 ഫോറും ഗില്‍ നേടി. നാല് മത്സരങ്ങളില്‍ 511 റണ്‍സാണ് കെ എല്‍ രാഹുലിന്റെ സമ്പാദ്യം. എട്ട് ഇന്നിംഗ്‌സുകള്‍ കളിച്ച താരം 63.87 ശരാശരിയിലാണ് ഇത്രയും റണ്‍സ് നേടിയത്. രണ്ട് സെഞ്ചുറികള്‍ സ്വന്തമാക്കിയ രാഹുല്‍ രണ്ട് അര്‍ധ സെഞ്ചുറിയും സ്വന്തം പേരിലാക്കി. 137 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 67 ബൗണ്ടറികള്‍ രാഹുല്‍ നേടി.
നാല് മത്സരങ്ങളില്‍ ഏഴ് ഇന്നിംഗ്‌സുകള്‍ കൡച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മൂന്നാമത്. 479 റണ്‍സാണ് പന്ത് നേടിയത്. 134 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 68.42. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും പരമ്പരയില്‍ നേടി. 17 സിക്‌സും 49 ബൗണ്ടറികളും താരം പറത്തി. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ കളിച്ചിരുന്നില്ല. അവസാന ടെസ്റ്റും താരത്തിന് നഷ്ടമാവും.
സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നാലാം സ്ഥാനത്ത്. നാല് മത്സരങ്ങള്‍ അദ്ദേഹം പൂര്‍ത്താക്കി. എട്ട് ഇന്നിംഗ്‌സില്‍ നിന്ന് 454 റണ്‍സാണ് നേട്ടം. മാഞ്ചസ്റ്ററില്‍ പുറത്താവാതെ നേടിയ 107 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. നാല് അര്‍ധ സെഞ്ചുറിയും ജഡേജ സ്വന്തമാക്കി. 113.50 ശരാശരി. ആറ് സിക്‌സും 47 ഫോറും ജഡേജ നേടി.
നാല് മത്സരങ്ങളില്‍ നിന്ന് 424 റണ്‍സാണ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സ്മിത്ത് നേടിയത്. പുറത്താവാതെ നേടിയ 184 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറി കൂടാതെ രണ്ട് അര്‍ധ സെഞ്ചുറിയും സ്മിത്ത് നേടി. 11 സിക്‌സും 46 ഫോറും സ്മിത്ത് കണ്ടെത്തി. പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ ജോ റൂട്ട് ആറാമത്. നാല് മത്സരങ്ങളില്‍ 403 റണ്‍സാണ് റൂട്ട് നേടിയത്. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 67.16 ശരാശരിയിലാണ് ഇത്രയും റണ്‍സ്. രണ്ട് സെഞ്ചുറിക്ക് പുറമെ ഒരു ഒരു അര്‍ധ സെഞ്ചുറിയും റൂട്ട് നേടി. 36 ബൗണ്ടറികളുടെ അകമ്പടിയുണ്ടായിരുന്നു.
ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഡക്കറ്റ് ഏഴാമത്. നാല് മത്സരങ്ങളില്‍ താരം നേടിയത് 365 റണ്‍സ്. 149 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഡക്ക്റ്റ് നേടി. മധ്യനിര താരം ഹാരി ബ്രൂക്ക് എട്ടാമതുണ്ട്. നാല് മത്സരങ്ങള്‍ കളിച്ച ബ്രൂക്ക് 317 റണ്‍സാണ് നേടിയത്. 158 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പരമ്പരയില്‍ നേടി.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഒമ്പതാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ 304 റണ്‍സാണ് സമ്പാദ്യം. 141 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ സെഞ്ചുറിയും സ്‌റ്റോക്‌സിന്റെ അക്കൗണ്ടിലുണ്ട്. ജയ്‌സ്വാള്‍ പത്താം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ 291 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സ്‌റ്റോക്‌സ് നേടി. 101 റണ്‍സാണ് ജയ്‌സ്വാളിന്റെ ഉയര്‍ന്ന സ്‌കോര്‍.

