ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി നാലു സെഞ്ചുറികള്‍ മൂന്നാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും മാഞ്ചസ്റ്ററിലെ സെഞ്ചുറിയിലൂടെ ശുഭ്മാന്‍ ഗില്ലിനായി.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. 78 റണ്‍സുമായി ക്രീസിലിറങ്ങിയ ഗില്‍ 228 പന്തിലാണ് അവസാന ദിനം ടെസ്റ്റ് കരിയറിലെ ഒമ്പതാം സെഞ്ചുറിയിലെത്തിയത്. 35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ചുറി നേടുന്നത്. 1990ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയ അവസാന ഇന്ത്യൻ ബാറ്റര്‍. മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് ഗില്‍.

Scroll to load tweet…

ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി നാലു സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനാണ് ഗില്‍. 1947-48ൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കറും ക്യാപ്റ്റനായിരിക്കെ ഒരു പരമ്പരയില്‍ നാലു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യൻ താരമെന്ന സുനില്‍ ഗവാസ്കറുടെയും വിരാട് കോലിയുടെയും റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനായി.

Scroll to load tweet…

1971ലും 1978-79ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗവാസ്കറും 2014-2015ല്‍ ഓസ്ട്രേലിയക്കെതിരെ വിരാട് കോലിയും നാലു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമാണിത്. 228 പന്തിലാണ് ഗില്‍ മാഞ്ചസ്റ്ററില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 209 പന്തില്‍ സെഞ്ചുറി നേടിയതായിരുന്നു ഇതിന് മുമ്പത്തെ വേഗം കുറഞ്ഞ സെഞ്ചുറി. 238 പന്തില്‍ 103 റണ്‍സെടുത്ത ഗില്‍ ലഞ്ചിന് തൊട്ടു മുമ്പ് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി. മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം 188 റണ്‍സ് കൂട്ടുകെട്ടിലും ഗില്‍ പങ്കാളിയായി.