ഓപ്പണറെന്ന നിലയില്‍ മൂന്ന് സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ മാറ്റിയാണ് ഗില്ലിനെ ഏഷ്യാ കപ്പില്‍ ഓപ്പണറാക്കിയത്.

വിശാഖപട്ടണം: അടുത്ത ആഴ്ച തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ തന്നെ ഓപ്പണറാകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍. ശുഭ്മാന്‍ ഗില്‍ പൂര്‍ണമായും ഫിറ്റാണെന്നും ഗില്‍ തിരിച്ചുവരുമ്പോൾ ഓപ്പണറായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഓപ്പണറെന്ന നിലയില്‍ മൂന്ന് സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ മാറ്റിയാണ് ഗില്ലിനെ ഏഷ്യാ കപ്പില്‍ ഓപ്പണറാക്കിയത്. എന്നാല്‍ ഏഷ്യാ കപ്പിലും പിന്നീട് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും അഭിഷേക് ശര്‍മക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. ഗില്‍ വന്നതോടെ മധ്യനിരയിലേക്ക് മാറേണ്ടി വന്ന സഞ്ജുവിനാകട്ടെ പിന്നീട് പ്ലേയിംഗ് ഇലവനിലെ സ്ഥാനവും നഷ്ടമായിരുന്നു. ജിതേഷ് ശര്‍മയാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും സഞ്ജുവിന് മധ്യനിരയിലായിരിക്കും സ്ഥാനമെന്നാണ് ഗംഭീറിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ പുറത്തായ ഗില്‍ ടി20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ കളിക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് തെളിയിച്ച ഗില്‍ ആദ്യ മത്സരം മതുതല്‍ കളിക്കുമെന്ന് ഗംഭീര്‍ വ്യക്തമാക്കി.

ഇതോടെ അടുത്തവര്‍ഷം ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം നേടണമെങ്കില്‍ മധ്യനിരയില്‍ സഞ്ജുവിന് മികവ് കാട്ടിയെ മതിയാവു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കഴിഞ്ഞാല്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ അഞ്ച് മത്സര ട20 പരമ്പര കളിക്കും. ഇതില്‍ എത്ര മത്സരങ്ങളില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ജിതേഷ് ശര്‍മ തിളങ്ങിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക