ആറ് മത്സരങ്ങളില്‍ 108.33 ശരാശരിയിലും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 325 റണ്‍സടിച്ചാണ് ആയുഷ് മാത്രെ ഒന്നാം സ്ഥാനത്തെത്തിയത്.
മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ ആദ്യ 10ലെത്തി കേരള ക്യാപ്റ്റൻ സഞ്ജു സാംസണ്‍. ആന്ധ്രക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത പ്രകടനമാണ് സഞ്ജുവിനെ ടോപ് 10ല്‍ എത്തിച്ചത്. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ചാണ് സഞ്ജു പത്താം സ്ഥാനത്തെത്തിയത്. കേരള താരങ്ങളില്‍ ഒന്നാമനും സഞ്ജുവാണ്.
മുഷ്താഖ് അലി റണ്‍വേട്ടയില്‍ ഒന്നാമതുള്ളത് മുംബൈയുടെ യുവതാരം ആയുഷ് മാത്രെയാണ്. ആറ് മത്സരങ്ങളില്‍ 108.33 ശരാശരിയിലും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 325 റണ്‍സടിച്ചാണ് ആയുഷ് മാത്രെ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് കര്‍ണാടക താരം സ്മരണ്‍ രവിചന്ദ്രനാണ്. ആറ് മത്സരങ്ങളില്‍ 295 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രന് 155.26 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്.
ഉത്തരാഖണ്ഡിനായി കളിക്കുന്ന കുനാല്‍ ചണ്ഡേല(292), ഹരിയാന താരം യഷ്‌വര്‍ധന്‍ ദലാല്‍(288), കര്‍ണാടകക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍(288), ജാര്‍ഖണ്ഡ് ക്യാപ്റ്റനായ ഇഷാന്‍ കിഷന്‍(271), ചണ്ഡീഗഡ് താരം മനന്‍ വോറ(267), ബംഗാള്‍ നായകന്‍ അഭിമന്യു ഈശ്വരന്‍(255), പഞ്ചാബ് താരം അഭിഷേക് ശര്‍മ(242) എന്നിവരാണ് റണ്‍വേട്ടയില്‍ സഞ്ജുവിന് മുന്നിലുള്ള താരങ്ങള്‍. മലയാളി താരം രോഹന്‍ കുന്നുമ്മല്‍ 224 റണ്‍സുമായി പതിനാലാം സ്ഥാനത്താണ്.
റണ്‍വേട്ടക്കാരിലെ ടോപ് 10ല്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം അഭിഷേക് ശര്‍മയാണ്. 275 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത അഭിഷേക് 19 ഫോറും 23 സിക്സുകളുമാണ് ഇതുവരെ പറത്തിയത്. ടോപ് 10ല്‍ രണ്ടാമത്തെ മികച്ച സ്ട്രൈക്ക് റേറ്റ് ഇഷാന്‍ കിഷന്‍റെ പേരിലാണ്. 190.85 പ്രഹരശേഷിയിലാണ് കിഷന്‍ റണ്ണടിച്ചത്. ടോപ് 10ല്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് സഞ്ജുവിന്‍റെ പേരിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനാല്‍ സഞ്ജുവിനും അഭിഷേകിനും മുഷ്താഖ് അലിയിലെ അവസാന മത്സരങ്ങളില്‍ കളിക്കാനാവില്ല.


