കോലി പന്ത് അനാവശ്യമായി ബൗണ്ടറിയിലേക്ക് വലിച്ചെറിഞ്ഞു! സിറാജിന് നഷ്ടമായത് ബുമ്രയെ മറികടക്കാനുള്ള സുവര്‍ണാവസരം
ആറ് വിക്കറ്റ് നേടിയ സിറാജിനെ തേടിയും ഒരു നേട്ടമെത്തി. ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 21 റണ്‍സ് വിട്ടുകൊടുത്താണ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയത്.

കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക 15.2 ഓവറില്‍ എല്ലാവരും പുറത്താവുമ്പോള്‍ എല്ലാ വിക്കറ്റുകളും നേടിയത് പേസര്‍മാരായിരുന്നു. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് ജസ്പ്രിത് ബുമ്രയും നേടി. ഇത് രണ്ടാം തവണയാണ് ഏഷ്യാ കപ്പില്‍ ഒരു ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റും പേസര്‍ നേടുന്നത്. ആദ്യത്തേതും ഈ സീസണിലെ ഏഷ്യാ കപ്പിലായിരുന്നു. ഇന്ത്യക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍ പേസര്‍ പത്ത് വിക്കറ്റുകള്‍ സ്വന്താക്കിയിരുന്നു. ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും നേടി.
ആറ് വിക്കറ്റ് നേടിയ സിറാജിനെ തേടിയും ഒരു നേട്ടമെത്തി. ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 21 റണ്‍സ് വിട്ടുകൊടുത്താണ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയത്. പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനിസിനെയാണ് സിറാജ് പിന്തള്ളിയത്. 1990ല്‍ വഖാര്‍ യൂനിസ് 26 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയിരുന്നു. ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച ഏകദിന പ്രകടനങ്ങളുടെ പട്ടികയിലും സിറാജ് ഇടം നേടി. ഇക്കാര്യത്തില്‍ നാലാം സ്ഥാനത്താണ് സിറാജ്.
2014ല്‍ ബംഗ്ലാദേശിനെതിരെ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് ഒന്നാമന്‍. 1993ല്‍ കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ രണ്ടാമതുണ്ട്. സിറാജിന്റെ സഹപേസര്‍ ജസപ്രിത് ബുമ്ര മൂന്നാം സ്ഥാനത്താണ്. 2022ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ബുമ്ര നേടിയത്. ശേഷം മുഹമ്മദ സിറാജും. 21 റണ്‍സ് വഴങ്ങിയാണ് സിറാജ് ആറ് വിക്കറ്റെടുത്തത്.
ബുമ്രയുടെ പിന്തള്ളാനുള്ള അവസാരം സിറാജിനുണ്ടായിരുന്നു. എന്നാല്‍ വിരാട് കോലി കൂടി കരുതണമായിരുന്നെന്ന് മാത്രം. ബാറ്ററെ പുറത്താക്കാന്‍ കോലിയെറിഞ്ഞ പന്ത് ബൗണ്ടറിയിലേക്ക് പോവുകയായിരുന്നു. അതിലൂടെ ലങ്കയ്ക്ക് റണ്‍സ് അധികം ലഭിച്ചു. അങ്ങനെ സിറാജിന് നാല് റണ്‍ അധികം വഴങ്ങേണ്ടിവന്നു. അല്ലെങ്കില്‍ 17 റണ്‍സില്‍ ഒതുങ്ങാമായിരുന്നു.