Asianet News MalayalamAsianet News Malayalam

ബിസിസിഐയുടെ ഓട്ടപ്പരീക്ഷ: തോറ്റ ആറ് പേരില്‍ സഞ്ജുവും എന്ന് റിപ്പോര്‍ട്ട്

ഓട്ടപ്പരീക്ഷയില്‍ വീണ്ടും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കായി അവരെ പരിഗണിക്കില്ല എന്നാണ് സൂചന. 

Six cricketers including Sanju Samson failed BCCI 2km fitness Test Report
Author
Bengaluru, First Published Feb 12, 2021, 10:28 AM IST

ബെംഗളൂരു: ബിസിസിഐ യോയോ ടെസ്റ്റിന് പുറമെ താരങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ രണ്ട് കി.മീ ഓട്ടപ്പരീക്ഷയില്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാട്ടിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്‌കട്ട് എന്നിവരാണ് തോറ്റ മറ്റ് താരങ്ങളെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ഫിറ്റ്‌നസ് പരീക്ഷ. 

എന്നാല്‍ പുതിയ ഫിറ്റ്‌നസ് പരീക്ഷയാണ് രണ്ട് കി.മീ ഓട്ടം എന്നതിനാല്‍ വീണ്ടുമൊരു അവസരം കൂടി താരങ്ങള്‍ക്ക് ബിസിസിഐ നല്‍കും. എന്നാല്‍ ഇതിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഓട്ടപ്പരീക്ഷയില്‍ വീണ്ടും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി അവരെ പരിഗണിക്കില്ല എന്നാണ് സൂചന. അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ അവസാന പര്യടനത്തില്‍ ടി20 ടീമിലുണ്ടായിരുന്ന താരമാണ് സഞ്ജു സാംസണ്‍. 

താരങ്ങളുടെ ഫിറ്റ്‌നസ് അളക്കാനായി ബിസിസിഐ പിന്തുടരുന്ന യോയോ ടെസ്റ്റ് 2018ല്‍ സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി, അമ്പാട്ടി റായുഡു എന്നിവര്‍ പരാജയപ്പെട്ടത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മൂവരേയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിച്ചില്ല. 

എന്താണ് ഈ ഓട്ടപ്പരീക്ഷ?

താരങ്ങളുടെ ഫിറ്റ്‌നസ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് യോയോ ടെസ്റ്റിന് പുറമെ രണ്ട് കി.മീ ഓട്ടം കൂടി ഫിറ്റ്‌നസ് പരീക്ഷയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ക്കും ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനും ടീമിനെ തെരഞ്ഞെടുക്കുന്നത് ഈ മാനദണ്ഡത്തിന്‍റെ കൂടിയും അടിസ്ഥാനത്തിലാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പുത്തന്‍ നിയമാവലി അനുസരിച്ച് പേസര്‍മാര്‍ എട്ട് മിനുറ്റ് 15 സെക്കന്‍ഡിലും ബാറ്റ്സ്‌മാന്‍മാരും വിക്കറ്റ് കീപ്പര്‍മാരും സ്‌പിന്നര്‍മാരും എട്ട് മിനുറ്റ് 30 സെക്കന്‍ഡിലും രണ്ട് കി.മീ ദൂരം പിന്നിടണം. അതേസമയം യോയോ ടെസ്റ്റിന്‍റെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 17.1 ആയി തുടരും. 

Follow Us:
Download App:
  • android
  • ios