ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ആറ് താരങ്ങളാണ് ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുംബൈ ഇന്ത്യൻസ് മയം. ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ആറ് താരങ്ങളാണ് ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്. 

വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹർദിക് പണ്ഡ്യ, രാഹുൽ ചഹാർ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ലോകകപ്പ് ടീമിലെത്തിയ മുംബൈ ഇന്ത്യൻസ് താരങ്ങൾ. ഡൽഹി ക്യാപിറ്റൽസിൽ നിന്ന് റിഷഭ് പന്ത്, ആർ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ ടീമിലെത്തിയപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നിന്ന് നായകൻ വിരാട് കോലി മാത്രമേയുള്ളൂ. 

പഞ്ചാബ് കിംഗ്സിന്റെ പ്രതിനിധികളായി കെ എൽ രാഹുലും മുഹമ്മദ് ഷമിയുമുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്ന് രവീന്ദ്ര ജഡേജയും സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്ന് ഭുവനേശ്വർ കുമാറും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് വരുൺ ചക്രവർത്തിയും ടീമിലെത്തി. അതേസമയം രാജസ്ഥാന്‍ റോയൽസില്‍ നിന്ന് ആരും ടീമിലെത്തിയില്ല. 

നാല് ബാറ്റ്സ്‌മാൻമാരും രണ്ട് വിക്കറ്റ് കീപ്പർമാരും ഓരോ ഫാസ്റ്റ്, സ്‌പിൻ ഓൾറൗണ്ടർമാരും നാല് സ്‌പിന്നർമാരും മൂന്ന് പേസർമാരും ഉൾപ്പെട്ടതാണ് ട്വന്റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീം. എല്ലാവരേയും അമ്പരപ്പിച്ച് ആർ അശ്വിൻ നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ടി20 ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ യുസ്‍വേന്ദ്ര ചഹലിന് സ്ഥാനം നഷ്‌ടമായി. അക്‌സർ പട്ടേൽ, തമിഴ്‌നാടിന്റെ മലയാളി താരം വരുൺ ചക്രവർത്തി, രാഹുൽ ചഹാർ എന്നിവരാണ് മറ്റ് സ്‌പിന്നർമാർ. 

ബാറ്റ്സ്‌മാൻമാരായി ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ. ഓൾറൗണ്ടർമാരായി ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലെത്തി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ഫാസ്റ്റ്ബൗളർമാർ. 

2007ൽ ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച എം എസ് ധോണി ഉപദേഷ്ടാവായി ടീമിൽ തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. കൊവിഡ് പശ്ചാത്തലത്തിൽ മുംബൈയുടെ മലയാളി താരം ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ എന്നിവരെ റിസർവ് താരങ്ങളായി ഉള്‍പ്പെടുത്തി. ഒക്‌ടോബർ 23ന് തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിൽ 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

എം എസ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവ്

സര്‍പ്രൈസായി അശ്വിന്‍, സിറാജിനും ചാഹലിനും നിര്‍ഭാഗ്യം, സഞ്ജുവിന് വിനയായത് സ്ഥിരതയില്ലായ്മ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, അശ്വിന്‍ ടീമില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona