Asianet News MalayalamAsianet News Malayalam

ലക്ഷ്യം രചിന്‍ രവീന്ദ്ര! അല്ലെങ്കില്‍ ഡാരില്‍ മിച്ചല്‍; ഐപിഎല്‍ ലേലത്തില്‍ സിഎസ്‌കെ കണ്ണുവെക്കുന്ന താരങ്ങള്‍

നിലവിലെ ചാംപ്യന്മാര്‍. മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീടത്തിന്റെ തലപ്പൊക്കമുണ്ട് എം എസ് ധോണിക്കും സംഘത്തിനും. ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലെത്തിയ ടീമും ചെന്നൈ തന്നെ.

sk aims rachin ravindra and daryl mitchell in upcoming ipl auction
Author
First Published Dec 14, 2023, 3:05 PM IST

ദുബായ്: ഐപിഎല്‍ പതിനേഴാം സീസണ് മുന്നോടിയായുള്ള താരലേലം 19ന് ദുബായില്‍ നടക്കും. ലേലത്തിനിറങ്ങുന്ന പത്ത് ടീമുകളുടെ നിലവിലെ സ്‌ക്വാഡും, അവര്‍ക്കിനി എന്ത് വേണമെന്നും വിശദമായി ഓരോ ദിവസങ്ങളില്‍ പരിശോധിക്കാം. ആദ്യം നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് തുടങ്ങാം.

നിലവിലെ ചാംപ്യന്മാര്‍. മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ച് കിരീടത്തിന്റെ തലപ്പൊക്കമുണ്ട് എം എസ് ധോണിക്കും സംഘത്തിനും. ഏറ്റവും കൂടുതല്‍ തവണ പ്ലേ ഓഫിലെത്തിയ ടീമും ചെന്നൈ തന്നെ. ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണയിറങ്ങുന്നത്. ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയത് 19 താരങ്ങളെ. ഇതിനായി ചെലവഴിച്ചത് 68.6 കോടി രൂപ. ഏറ്റവും പ്രധാനം ക്യാപ്റ്റന്‍ എം എസ് ധോണിയെ നിലനിര്‍ത്തിയെന്നതാണ്. തല ധോണി വരുന്ന സീസണിലും കളിക്കുമെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. 

ഡെവണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക്‌വാദ്, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, ദീപക് ചഹാര്‍,മതീഷ പാതിരാന, മൊയിന്‍ അലി തുടങ്ങി പ്ലെയിംഗ് ഇലവനെ ഏതാണ്ട് നിലനിര്‍ത്തിയിട്ടുണ്ട്.  ചെന്നൈ സ്‌ക്വാഡില്‍ ഒഴിവുള്ളത് 6 സ്‌പോട്ടുകള്‍. ഇതില്‍ മൂന്നെണ്ണം വിദേശ താരങ്ങളുടേത്. ചെന്നൈയുടെ പഴസില്‍ ബാക്കിയുള്ളത് 31.4 കോടി രൂപ. ഇനി ചെന്നൈക്ക് വേണ്ടത് എന്താണെന്ന് നോക്കാം. ആറ് സീസണില്‍ ചെന്നൈയുടെ മധ്യനിരയുടെ നട്ടെല്ലായിരുന്നു അന്പാട്ടി റായിഡു വിരമിച്ചു. റായിഡുവിന് പകരക്കാരനെ വേണം. ഈ സ്ഥാനത്തേക്ക് പ്രധാനമായും ചെന്നൈ ലക്ഷ്യമിടുന്നത് തമിഴ്‌നാട്ടുകാരനായ ഷാരുഖ് ഖാനെയാണ്. 2022 ലേലത്തില്‍ ഷാരുഖിന് വേണ്ടി ആഞ്ഞുവിളിച്ചതാണ് ചെന്നൈ. പക്ഷെ 9 കോടി പഞ്ചാബ് താരത്തെ സ്വന്തമാക്കി. പക്ഷെ ഇത്തവണ ചെന്നൈയ്ക്ക് ഷാരുഖാനെ സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും. 

കാലം കഴിഞ്ഞെന്ന് പറഞ്ഞ് എഴുതി തള്ളിയ പല താരങ്ങളെയും കൊണ്ടുവന്ന് ഞെട്ടിച്ചവരാണ് സിഎസ്‌കെ. മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാരെ ചെന്നൈ ടീമിലെത്തിച്ചാലും അത്ഭുതപ്പെടാനില്ല. വലിയ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ 16.25 കോടിക്ക് ചെന്നൈ കഴിഞ്ഞ തവണ സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് മൂലം താരത്തിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായി. ഇത്തവണ ഐപിഎല്ലിനില്ലെന്ന് പ്രഖ്യാപിച്ചതോടെ സ്റ്റോക്‌സിനെ റിലീസ് ചെയ്തു സിഎസ്‌കെ. സ്റ്റോക്‌സിന് പകരക്കാരനായി ചെന്നൈ പ്രധാനമായും ലക്ഷ്യമിടുന്ന മൂന്ന് ന്യുസിലന്‍ഡുകാരെയാണ്. ആദ്യത്തേത് ഡാരില്‍ മിച്ചല്‍. ലോകകപ്പില്‍ സെമിയിലെ ഇന്ത്യക്കെതിരായ സെഞ്ച്വറിയടക്കം 552 റണ്‍സാണ് ഡാരില്‍ മിച്ചല്‍ നേടിയത്.

ഈ ലോകകപ്പില്‍ മിന്നിത്തിളങ്ങിയ രചിന്‍ രവീന്ദ്രയാണ് മറ്റൊരു താരം. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പടെ 578 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമനായിരുന്നു. മൈക്കിള്‍ ബ്രേസ്‌വെല്ലാണ് മറ്റൊരു താരം. ചെന്നെയുടെ പരിശീലകന്‍ മുന്‍ ന്യുസീലന്‍ഡ് നായകന്‍ സ്റ്റീഫ് ഫ്‌ലെമിംഗ്. ഈയൊരു ഫാക്ടറാണ് കൂടുതല്‍ ന്യുസീലന്‍ഡ് താരങ്ങള്‍ ചെന്നൈ ടീമില്‍ വന്നേക്കാമെന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഓസ്‌ട്രേലിയെ ഏകദിന ലോകകപ്പ് ജേതാക്കളാക്കിയ നായകന്‍ പാറ്റ് കമ്മിന്‍സിനേയും ലക്ഷ്യമിടുന്നുണ്ട് ചെന്നൈ. മികച്ച ബൗളര്‍ എന്നതിലുപരി നല്ലൊരു വെടിക്കെട്ട് ബാറ്റര്‍കൂടിയാണ് കമ്മിന്‍സ്. 

ഷാര്‍ദുല്‍ താക്കുറിനെ തിരിച്ചു വരാനും സാധ്യത. 2018ലും 2021ലും ചെന്നൈ ജേതാക്കളായപ്പോള്‍ ടീമിനായി കൂടുതല്‍ വിക്കറ്റെടുത്തത് ഷാര്‍ദുല്‍ താക്കൂറായിരുന്നു. നല്ലൊരു വിദേശ പേസറെയും ചെന്നൈയ്ക്ക് അത്യാവശ്യമാണ്. ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി മറ്റെല്ലാ ടീമുകളുളെയും പോലെ ചെന്നൈയും ശ്രമിക്കും. ഇനി കിട്ടിയിലെങ്കില്‍ ഓസ്‌ട്രേലിയയുടെ തന്നെ ജോഷ് ഹേസല്‍വുഡിനാണ് അടുത്ത പരിഗണന. ഇന്ത്യന്‍ ബൗളരായ ചേതന്‍ സക്കറിയ എന്നിവര്‍ക്കായും ചെന്നൈ ശ്രമം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം! സെഞ്ചുറിയോടെ മിച്ചല്‍ ജോണ്‍സണിന്റെ മുഖത്തടിച്ച് വാര്‍ണര്‍

Follow Us:
Download App:
  • android
  • ios