ഇന്ന് ശ്രീലങ്കയ്‌ക്ക് എതിരെ രണ്ടാം ഏകദിനം ടീം ഇന്ത്യ വിജയിച്ചാല്‍ അത് ചരിത്രം. ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്‌ടിക്കപ്പെടും.  

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്. ഇന്ന് വിജയിക്കാനായാല്‍ ഏകദിനത്തില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ കൂടുതല്‍ വിജയം നേടിയതിന്‍റെ റെക്കോര്‍ഡ് ടീം ഇന്ത്യക്ക് സ്വന്തമാകും. പാകിസ്ഥാനെയും ഓസ്‌ട്രേലിയയേയുമാണ് ഇക്കാര്യത്തില്‍ ഇന്ത്യ മറികടക്കുക.

ലങ്കയ്‌ക്കെതിരെ 92 ജയങ്ങള്‍ നേടിയ പാകിസ്ഥാന്‍റെയും ന്യൂസിലന്‍ഡിനെതിരെ ഇത്രതന്നെ മത്സരങ്ങള്‍ വിജയിച്ച ഓസ്‌ട്രേലിയയുടേയും ഒപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ടീം ഇന്ത്യയിപ്പോള്‍. ഇന്ന് ലങ്കയ്‌ക്കെതിരെ വിജയിച്ചാല്‍ പാകിസ്ഥാനെയും ഓസ്‌ട്രേലിയയേയും മറികടന്ന് ഇന്ത്യക്ക് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിക്കാം. ലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര ജയത്തിനും അരികെയാണ് ഇന്ത്യന്‍ ടീം. ലങ്കന്‍ ടീമില്‍ വമ്പന്‍ താരങ്ങളുണ്ടായിരുന്ന 2007ലാണ് ഇന്ത്യ ജയഭേരി തുടങ്ങിയത്. 

ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ ഗംഭീര ജയം നേടിയിരുന്നു ശിഖര്‍ ധവാനും സംഘവും. ഇത് ഏകദിനത്തില്‍ ലങ്കയ്‌ക്കെതിരെ ടീം ഇന്ത്യയുടെ 92-ാം വിജയമായിരുന്നു. വിജയലക്ഷ്യമായ 263 റൺസ് 80 പന്ത് ബാക്കിനിൽക്കെ ഇന്ത്യന്‍ യുവനിര മറികടക്കുകയായിരുന്നു. ഓപ്പണറായിറങ്ങി ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തിയ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്. ഷാ 24 പന്തില്‍ 43 ഉം സഹ ഓപ്പണറും നായകനുമായ ശിഖര്‍ ധവാന്‍ 95 പന്തില്‍ 86 ഉം അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍ 42 പന്തില്‍ 59 ഉം സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 ഉം റണ്‍സെടുത്തു. 

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് ശ്രീലങ്ക-ഇന്ത്യ രണ്ടാം ഏകദിനം തുടങ്ങുക. ഇന്ന് വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. അതേസമയം വലിയ നാണക്കേടിന് അരികെയാണ് ലങ്കന്‍ സംഘം. ഇന്ന് കൂടി തോറ്റാൽ ഈ വര്‍ഷം ശ്രീലങ്ക അടിയറവുപറഞ്ഞ ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും. 

രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര; സഞ്ജു കളിക്കുമോ?

ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്‌ക്ക് ഇന്നുമുതല്‍ 'മോഡല്‍ പരീക്ഷ'; റിഷഭ് പന്ത് കളിക്കില്ല

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona