ഹംബന്തോട്ട: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഹംബന്തോട്ടയിൽ നടന്ന രണ്ടാം ഏകദിനത്തിൽ 161 റൺസിന്‍റെ തകര്‍പ്പന്‍ ജയമാണ് ലങ്ക നേടിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 345 റൺസെടുത്തപ്പോള്‍ വിന്‍ഡീസിന്‍റെ മറുപടി 39.1 ഓവറില്‍ 184 റണ്‍സിലൊതുങ്ങി. 

രണ്ടാം ഏകദിന സെഞ്ചുറി നേടിയ ആവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരാണ് ലങ്കയ്‌ക്കായി തിളങ്ങിയത്. ഫെര്‍ണാണ്ടോ 123 പന്തില്‍ 127ഉം മെന്‍ഡിസ് 119 പന്തില്‍ 119 റൺസും നേടി. രണ്ട് വിക്കറ്റിന് ഒന്‍പത് റൺസെന്ന നിലയിൽ ലങ്ക പതറുമ്പോള്‍ ക്രീസില്‍ ഒന്നിച്ച ഇരുവരും 239 റൺസിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ട് ഉയര്‍ത്തി. ഏകദിനത്തില്‍ മൂന്നാം വിക്കറ്റില്‍ ലങ്കയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. നാല് വിക്കറ്റ് വീഴ്‌ത്തിയ കോട്രല്‍ ആണ് വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. 

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 184 റൺസിന് പുറത്തായി. 51 റൺസെടുത്ത ഷായ് ഹോപ്പ് മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നേരിട്ട ആദ്യ പന്തില്‍ പുറത്തായി. നിക്കോളാസ് പുരാന്‍ 31 റൺസെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഡിസിൽവയും സണ്ടകനും ലങ്കയ്‌ക്കായി തിളങ്ങി. ആവിഷ്‌ക ഫെര്‍ണാണ്ടോ ആണ് മാന്‍ ഓഫ് ദ് മാച്ച്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഒരു മത്സരം കൂടിയുണ്ട്. ആദ്യ ഏകദിനം ലങ്ക ഒരു വിക്കറ്റിന് ജയിച്ചിരുന്നു.