ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റൺസിനാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞുവീഴ്ത്തിയത്
ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം ആഘോഷമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തിൽ കരുത്തരായ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് വിജയം സ്വന്തമാക്കി. തീക്കാറ്റായി മാറിയ ബൗളർമാരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റൺസിനാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞുവീഴ്ത്തിയത്. മറുപടിയിൽ 16.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മാർക്രവും സംഘവും വിജയം പിടിച്ചെടുത്തത്.
മുൻ നായകൻ ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്‌സ് 4(2), നായകൻ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. വമ്പനടിക്കാരായ ഹെൻറിച്ച് ക്ലാസന്‍ 19(22), ഡേവിഡ് മില്ലര്‍ 6(6) എന്നിവര്‍ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു. ശ്രീലങ്കയുടെ നാലു വിക്കറ്റുകൾ വീഴ്ത്തിയ ആൻട്രിച്ച് നോർജ്യെയാണ് കളിയിലെ താരം.
നേരത്തെ 19.1 ഓവറുകൾ ബാറ്റു ചെയ്തിട്ടും 77 റൺസെടുക്കാൻ മാത്രമാണ് ലങ്കൻ ബാറ്റർമാർക്കു സാധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി നാലോവറുകൾ പന്തെറിഞ്ഞ നോർജ്യെ ഏഴു റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. 30 പന്തിൽ 19 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ. കുശാലിനു പുറമേ എയ്ഞ്ചലോ മാത്യുസ് (16 പന്തിൽ 16), കമിന്ദു മെൻഡിസ് (15 പന്തിൽ 11) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
Lok Sabha Election Results 2024 Live: രാജ്യം ആര് ഭരിക്കും? കേരളം ആർക്കൊപ്പം? വിധി തത്സമയം
