മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു.
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. സ്മൃതി മന്ദാന (58 പന്തില്‍ 45) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ശേഷമാണ് മന്ദാന മടങ്ങിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മ (68), ജമീമ റോഡ്രിഗസ് (17) എന്നിവരാണ് ക്രീസില്‍.
മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി.
നേരത്തെ, മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇരു ടീമുകളും ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിന്റെ വെല്ലുവിളി മറികടന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.
ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.
ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ ആദ്യമായാണ് നടക്കുന്നത്. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കിത് മൂന്നാം ഫൈനലാണ്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് ഫൈനല്‍ കളിച്ചത്. 2005ല്‍ ഓസീസ് കരുത്തിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ 2017ല്‍ വിജയത്തിനരികെ ഇംഗ്ലണ്ടിനോട് 9 റണ്‍സ് തോല്‍വി വഴങ്ങി.അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണിത്.



