ട്വന്റി 20യില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തന്ത്രങ്ങള്‍ മാറിമറിയും. പക്ഷേ, ഫ്ലെക്സിബിലിറ്റിയെന്ന പേരില്‍ സഞ്ജു മാത്രമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം
പരീക്ഷിക്കാൻ ആ ഒരാള്‍ മാത്രമെ ഇന്ത്യൻ ടീമിലുള്ളോ?
ഹേസല്‍വുഡ് പേസ് ബൗളിങ്ങിന്റെ ഭയാനകമുഖംകൊണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ മെല്‍ബണില്‍ വിറപ്പിക്കുകയാണ്. ഒൻപത് പന്തുകളിലെ അഞ്ച് റണ്‍സിന്റെ സമ്മര്‍ദത്തിന് മുകളില്‍ നിന്ന് ഉപനായകൻ ശുഭ്മാൻ ഗില്‍ വീണിരിക്കുന്നു. പൊടുന്നനെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഗ്യാലറികള്‍ ഉണര്‍ന്നു. ഒൻപതാം നമ്പര്‍ ജഴ്സിയണിഞ്ഞ് സഞ്ജു സാംസണ്‍ ഇതാ ക്രീസിലേക്ക്. ആദ്യം ആശ്ചര്യമാണുണ്ടായത്, സൂര്യകുമാര്‍ വരേണ്ടിയിടത്ത് എന്തിന് സഞ്ജുവെന്ന ചോദ്യം രണ്ടാമതെത്തി. ഗൗതം ഗംഭീറിന്റെ പുതിയ പരീക്ഷണം, ചോദിച്ചുപോകുകയാണ്, പരീക്ഷിക്കാൻ സഞ്ജുമാത്രമെ ഇന്ത്യൻ ടീമില്‍ അവശേഷിക്കുന്നുള്ളോ?
ബാക്ക്‌വേഡ് പോയിന്റിലേക്ക് മനോഹരമായ ഒരു കട്ട് ഷോട്ട് കളിച്ചാണ് സഞ്ജു തുടങ്ങുന്നത്, അതും ഹേസല്‍വുഡിനെതിരെ. രണ്ടാം പന്ത് ബാറ്റിനെ മറികടന്നുപോയ്, പിന്നീട് നേരിടുന്നത് നാഥാൻ എല്ലിസിനെയാണ്, ആദ്യ പന്ത് ബീറ്റണ്‍. രണ്ടാം പന്തൊരു നിപ് ബാക്കറായിരുന്നു, ഫുള്‍ ലെങ്ത് ഡെലിവറി കളിക്കാനൊരുങ്ങിയ സഞ്ജുവിന്റെ കണക്കുകൂട്ടലുകള്‍ അവിടെ പിഴയ്ക്കുകയായിരുന്നു. നാല് പന്തില്‍ പരമ്പരയിലെ തന്റെ ആദ്യ ഇന്നിങ്സ് വലം കയ്യൻ ബാറ്റർക്ക് അവസാനിപ്പിക്കേണ്ടി വന്നു. പരീക്ഷണം പരാജയപ്പെട്ടിരിക്കുന്നു. പിന്നാലെയെത്തിയ നായകൻ സൂര്യകുമാർ യാദവിനും തിലക് വർമയ്ക്കുമൊന്നും ക്രീസില്‍ അധികമായുസുണ്ടായിരുന്നില്ല.
എന്തിനായിരുന്നു മാറ്റം?
ഓസീസ് പേസർമാർക്ക് മതിയാവോളം പിന്തുണ മെല്‍ബണിലെ വിക്കറ്റില്‍ നിന്ന് ലഭിക്കുന്നുണ്ടായിരുന്നു. സഞ്ജുവിനെ മൂന്നാം നമ്പറിലിറക്കിയ തീരുമാനത്തിന് പിന്നില്‍ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ ബൗളര്‍മാര്‍ക്ക് സമ്മര്‍ദം തിരികെ നല്‍കുക എന്നതായിരിക്കാം. ഇതാണ് മുൻനിരയിലേക്ക് സഞ്ജുവിനെ വീണ്ടും പറിച്ചുനട്ടത്തില്‍ പറയാനാകുന്ന ന്യായീകരണം. പക്ഷേ, കൗണ്ടര്‍ അറ്റാക്കിങ്ങിന് സഞ്ജുവായിരുന്നോ അവിടെ കൂടുതല്‍ അനുയോജ്യൻ എന്ന ചോദ്യം ഇതിനൊപ്പമുണ്ട്, പ്രത്യേകിച്ചും ആദ്യ ട്വന്റി 20യില്‍ ഹേസല്‍വുഡിനും മറ്റ് ഓസ്ട്രേലിയൻ ബൗളര്‍മാര്‍ക്കുമെതിരെ ആധിപത്യം പുലര്‍ത്തിയ സൂര്യകുമാര്‍ അവശേഷിക്കുമ്പോള്‍.
ശരിയാണ്, ട്വന്റി 20യില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തന്ത്രങ്ങള്‍ മാറിമറിയും. പക്ഷേ, ഫ്ലെക്സിബിലിറ്റിയെന്ന പേരില്‍ സഞ്ജു മാത്രമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. രോഹിത് ശര്‍മയ്ക്ക് ശേഷം ഓപ്പണറായി ട്വന്റി 20യില്‍ അസാധാരണ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് സഞ്ജു. ശുഭ്മാൻ ഗില്ലിന്റെ വരവില്‍ ആ സ്ഥാനം നഷ്ടപ്പെടുക മാത്രമല്ല, ഗില്ലും ജയ്സ്വാളും ഇല്ലാത്തതുകൊണ്ട് മാത്രമാണ് സഞജുവിനെ ഓപ്പണറായി ഇറക്കിയതെന്ന് മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറും പറഞ്ഞുവെച്ചു. ശേഷം ഏഷ്യ കപ്പ് വരുന്നു. അവിടെ എന്താണ് സംഭവിച്ചത്.
ഇന്ത്യ കിരീടം ചൂടിയ ടൂര്‍ണമെന്റില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു. പക്ഷേ, സഞ്ജുവിന് ബാറ്റിങ് നിരയില്‍ കൃത്യമായൊരു സ്ഥാനം ഏഷ്യ കപ്പിലുണ്ടായിരുന്നില്ല. മധ്യനിരയില്‍ സഞ്ജുവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ കളത്തിലെത്തേണ്ടി വന്നില്ല. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ആദ്യ അഞ്ചിലുണ്ടായില്ല. ഒമാനെതിരെ മൂന്നാം നമ്പറില്‍ അര്‍ദ്ധ സെഞ്ച്വറി. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെയും അഞ്ചാമത്, ബംഗ്ലാദേശിനെതിരെ ഏഴാമനായി പോലും ക്രീസിലെത്തിയില്ല, ശ്രീലങ്കയ്ക്കെതിരെ വീണ്ടും അഞ്ച്, ഫൈനലിലും അത് ആവര്‍ത്തിച്ചു.
ഇനി പരീക്ഷണം കടുക്കും
അഞ്ചാം നമ്പറില്‍ സഞ്ജുവിന്റെ സാന്നിധ്യം സ്ഥിരമാകുമെന്ന് കരുതിയപ്പോഴാണ് ഓസ്ട്രേലിയക്കെതിരെ മൂന്നാം സ്ഥാനത്ത് താരം പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ നിലനില്‍ക്കാൻ സഞ്ജുവിനോളം പോരാടുന്ന മറ്റൊരു താരമില്ലെന്ന് പറയേണ്ടി വരും. 2026ല്‍ ട്വന്റി 20 ലോകകപ്പ് വരാനിരിക്കുന്നു. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് പരുക്കില്‍ നിന്ന് മടങ്ങിയെത്തിയിരിക്കുന്നു. ഓരോ മത്സരവും ഇനി സഞ്ജുവിന്റെ മുന്നിലുയരുന്ന പരീക്ഷണം തന്നെയാണെന്നതില്‍ സംശയമില്ല. മാറിമാറി വരുന്ന ബാറ്റിങ് നിരയിലെ സ്ഥാനം ഒരാളെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാൻ എങ്ങനെ പ്രാപ്തമാക്കും.
ഒരു സുപ്രഭാതത്തില്‍ ഓപ്പണര്‍, പെട്ടെന്ന് പിൻനിരയിലേക്ക്, ശേഷം മൂന്നാം നമ്പറില്‍, പിന്നെ സ്ഥാനമില്ല, അഞ്ചാം നമ്പര്‍ അടുത്തത്...ഒരു കരിയറില്‍ എന്തെല്ലാം വെല്ലുവിളികള്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് തഴയപ്പെടുകയും പകരം ദ്രുവ് ജൂറലിനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചതിന്റേയും പിന്നിലെ കാരണം ഇന്നും അവ്യക്തമാണ്. പ്രത്യേകിച്ചും അവസാനം കളിച്ച ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജു തഴയപ്പെടുന്നതാണ് കണ്ടത്. പക്ഷേ, മുന്നില്‍ വരുന്ന ഏത് റോളും സ്വീകരിക്കാൻ താൻ തയാറാണെന്നാണ് സഞ്ജു പറഞ്ഞുവെച്ചത്.
നിരവധി ടീമുകള്‍ക്കായ് നിരവധി റോളുകള്‍ ഞാൻ ചെയ്തിട്ടുണ്ട്. ടീമിന്റെ ഭാഗമായിട്ട് പത്ത് വര്‍ഷത്തോളമാകുന്നു, വ്യത്യസ്തമായ റോളുകളാണ് ലഭിച്ചിട്ടുള്ളത്. ഓപ്പണ്‍ ചെയ്തിട്ടുണ്ട്, ഫിനിഷറായിട്ടുണ്ട്, ഇപ്പോള്‍ മധ്യനിരയിലും. ഓപ്പണര്‍മാര്‍ക്ക് മാത്രമാണ് കൃത്യമായ സ്ഥാനം, ബാക്കിയെല്ലാവരും ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ തയാറായിരിക്കണം, അതിന് ഞാൻ തയാറാണ്...സഞ്ജു വ്യക്തമാക്കി. ഓസീസ് പര്യടനത്തിലെ പരീക്ഷണങ്ങളില്‍ സഞ്ജുവിന് കാലിടറിയാല്‍ എന്തായിരിക്കും സംഭവിക്കുക എന്നത് ആശങ്കയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക്.


