ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് മന്ദാന. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെ‍ഞ്ചുറിയുള്ള മൂന്നാമത്തെ താരവും മന്ദാനയാണ്.

കൊളംബോ: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സടിച്ചു. 101 പന്തില്‍ 106 റണ്‍സടിച്ച സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ലീന്‍ ഡിയോള്‍(47), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(41), പ്രതിക റാവല്‍(30) എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. ശ്രീലങ്കക്കായി മാല്‍ക്കി മദാരയും ഡെവ്‌മി വിഹാങ്കയും സുഗന്ധിക കുമാരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി മന്ദാനയും പ്രതിക റാവലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 70 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. 21 റണ്‍സില്‍ ജീവന്‍ ലഭിച്ച മന്ദാന മികച്ച കൂട്ടുകെട്ടുകളിലൂടെ ഇന്ത്യയെ നയിച്ചു. രണ്ടാം വിക്കറ്റില്‍ ഹല്‍ലീന്‍ ഡിയോളിനൊപ്പം 120 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ മന്ദാന ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. അവസാന പത്തോവറില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(30 പന്തില്‍ 41), ജെമീമ റോഡ്രിഗസ്(29 പന്തില്‍ 44), അമന്‍ജ്യോത് കൗര്‍(12 പന്തില്‍ 18), ദീപ്തി ശര്‍മ(14 പന്തില്‍ 20) എന്നിവര്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ 90 റണ്‍സാണ് അടിച്ചെടുത്ത്.

92 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി സ്മൃതി മന്ദാന 15 ഫോറും രണ്ട് സിക്സും പറത്തി. മന്ദാനയുടെ കരിയറിലെ പതിനൊന്നാം ഏകദിന സെഞ്ചുറിയാണിത്. ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് മന്ദാന. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെ‍ഞ്ചുറിയുള്ള മൂന്നാമത്തെ താരവും മന്ദാനയാണ്. മെഗ് ലാനിങ്(15) സൂസി ബേറ്റ്സ്(13) എന്നിവരാണ് മന്ദാനക്ക് മുന്നിലുള്ളത്. ഇന്ന് രണ്ട് സിക്സ് പറത്തിയതോടെ വനിതാ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന താരമെന്ന റെക്കോര്‍ഡും മന്ദാന സ്വന്തമാക്കി. 54 സിക്സുകള്‍ പറത്തിയ മന്ദാന 52 സിക്സുകള്‍ നേടിയിട്ടുള്ള ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയാണ് പിന്നിലാക്കിയത്.

അവസാനം കളിച്ച 20 ഏകദിന ഇന്നിംഗ്സില്‍ 117(127), 136(120), 90(83), 5(7), 0(2), 100(122), 8(10), 9(8), 105(109), 91(102), 53(47), 4(19), 41(29), 73(54), 135(80), 43(46), 36(54), 18(28), 51(63), 116(101). എന്നിങ്ങനെയാണ് മന്ദാനയുടെ പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ 275 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ശ്രീലങ്കക്ക് 343 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക