ഇംഗ്ലണ്ടിലെ സീമിംഗ് സാഹചര്യങ്ങളില്‍ വിരാട് കോലിക്ക് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഇംഗ്ലണ്ടില്‍ കളിച്ച 17 ടെസ്റ്റുകളിലെ 33 ഇന്നിംഗ്സുകളില്‍ നിന്നായി 1096 റൺസ് മാത്രമാണ് വിരാട് കോലി നേടിയത്.
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച വിരാട് കോലിയെ പരിഹസിച്ച് കൗണ്ടി ക്രിക്കറ്റ്. അടുത്ത മാസം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടില്‍ പേസര്‍മാര്‍ക്ക് ലഭിക്കുന്ന അസാധാരണ സ്വിംഗിലും സീമിലും ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്താവുന്നതിന്‍റെ വീഡിയോയും വിരാട് കോലി വിരമിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന സ്കൈ സ്പോര്‍ട്സിന്‍റെ വാര്‍ത്തയും പങ്കുവെച്ച് നിങ്ങളെ ഞങ്ങൾ കുറ്റം പറയില്ലെന്ന അടിക്കുറിപ്പോടെ കൗണ്ടി ക്രിക്കറ്റ് വിഡിയോ പോസ്റ്റ് ചെയ്തത്.
ഇംഗ്ലണ്ടിലെ സീമിംഗ് സാഹചര്യങ്ങളില്‍ വിരാട് കോലിക്ക് അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്. ഇംഗ്ലണ്ടില്‍ കളിച്ച 17 ടെസ്റ്റുകളിലെ 33 ഇന്നിംഗ്സുകളില്‍ നിന്നായി 1096 റൺസ് മാത്രമാണ് വിരാട് കോലി നേടിയത്. രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധസെഞ്ചുറികളുമാണ് ഇംഗ്ലണ്ടില്‍ കോലിയുടെ പേരിലുള്ളത്. ബാറ്റിംഗ് ശരാശരിയാകട്ടെ 33.21 മാത്രമാണ്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 59.30 ശരാശരിയില്‍ 583 റണ്‍സടിച്ച വിരാട് കോലി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ 2014ല്‍ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തല്‍ തുടര്‍ച്ചയായി ജെയിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ വീണ കോലിക്ക് 10 ഇന്നിംഗ്സുകളില്‍ നിന്ന് 134 റണ്‍സ് മാത്രമാണ് നേടാനായത്. 39 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍.
2020നുശേഷം കളിച്ച 39 മത്സരങ്ങളിലെ 69 ഇന്നിംഗ്സുകളില്‍ നിന്ന് 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. മൂന്ന് സെഞ്ചുറികളും ഒമ്പത് അര്‍ധെസഞ്ചുറികളും മാത്രമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടെസ്റ്റില്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 2024നുശേഷം കളിച്ച 11 മത്സരങ്ങളിലെ 21 ഇന്നിംഗ്സുകളില്‍ നിന്ന് 23.15 ശരാശരിയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 440 റണ്‍സ് മാത്രമാണ് കോലി നേടിയത്.
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനം തുടരുന്ന കോലിയുടെ ഓഫ് സ്റ്റംപിന് പുറത്തു പോകുന്ന പന്തുകളിലെ ബലഹീനത എതിരാളികള്‍ കൃത്യമായി മുതലെടുത്തിരുന്നു. ഇംഗ്ലണ്ടിലെ സീമിംഗ് സാഹചര്യങ്ങളില്‍ ഇത് കൂടുതല്‍ തുറന്നുകാട്ടപ്പെടുമെന്നായിരുന്നു വിലയിരുത്തല്‍. ഇതിനിടെയാണ് കൗണ്ടി ക്രിക്കറ്റും കോലിയെ പരിഹസിച്ച് രംഗത്തെത്തിയത്.


