സ്റ്റംപിങ് ചെയ്യാന്‍ വയ്യ, എന്നാല്‍ സ്റ്റംപിങ്ങില്‍ പുറത്താവും! റിഷഭ് പന്തിനെ എയറിലാക്കി ക്രിക്കറ്റ് ആരാധകര്‍
നാലാമനായി ബാറ്റിംഗിനെത്തിയ പന്ത് കേവലം ഒമ്പത് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ആറ് റണ്‍സുമായി മടങ്ങുകയും ചെയ്തു.
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടായിരുന്നി ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗ് അരങ്ങേറ്റം കുറിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ടീമിലെത്തി. പരമ്പരയില്‍ ആദ്യമായിട്ടാണ് പന്തിന് അവസരം ലഭിക്കുന്നത്. വിക്കറ്റിന് പിന്നിലും അദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും മോശം പ്രകടനമായിരുന്നു പന്തിന്റേത്. താരത്തിനെതിരെ ട്രോളുമായി വന്നിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍.
നാലാമനായി ബാറ്റിംഗിനെത്തിയ പന്ത് കേവലം ഒമ്പത് പന്തുകള്‍ മാത്രമാണ് നേരിട്ടത്. ആറ് റണ്‍സുമായി മടങ്ങുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് സ്റ്റംപ് ചെയ്താണ് പന്തിനെ പുറത്താക്കുന്നത്. ഇതോടെയാണ് താരത്തിനെതിരെ കടുത്ത ട്രോളുകള്‍ വന്നത്. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണിന് പകരമാണ് പന്ത് കളിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടിരിക്കുന്നു. ചില പോസ്റ്റുകള്‍ വായിക്കാം...
മത്സരത്തിനിടെ ഒരു അനായാസ സ്റ്റംപിങ് ചാന്‍സും പന്ത് നഷ്ടമാക്കിയിരുന്നു. കുല്‍ദീപ് യാദവ് എറിഞ്ഞ് 49-ാം ഓവറിന്റെ അവസാന പന്തിലാണ് സംഭവം. ക്രീസിലുണ്ടായിരുന്നത് മഹീഷ് തീക്ഷണ. ക്രീസ് വിട്ടിറങ്ങിയ തീക്ഷ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ തൊടാനായില്ല. പന്തിന് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കാമായിരുന്നു. ബോള്‍ കയ്യിലൊതുക്കിയ പന്ത് ഒരുപാട് സമയമെടുത്താണ് ബെയ്ല്‍സ് ഇളക്കിയത്. അപ്പോഴേക്കും തീക്ഷണ ക്രീസില്‍ തിരിച്ചെത്തിയിരുന്നു. സ്‌റ്റൈലന്‍ സ്റ്റംപിങ്ങിലൂടെ ആളാവാന്‍ ശ്രമിച്ചതാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. ധോണിയാവാന്‍ നോക്കിയതാണെന്ന് മറ്റൊരു വാദം. സംഭവത്തിന്റെ വീഡിയോ കാണാം...
അതേസമയം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 110 റണ്‍സിന്റെ ദയനീയ തോല്‍വിയേറ്റുവാങ്ങി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്.