ടെസ്റ്റ് സ്‌പെഷലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ നിര്‍ണായകമായ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ അയക്കണം എന്നായിരുന്നു ദാദയുടെ നിലപാട്.
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ നാലാം നമ്പറില്‍ ആരെയിറക്കണമെന്ന ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. അമ്പാട്ടി റായുഡുവാണ് നിലവില്‍ ഈ പൊസിഷനില്‍ ഏറെ പറഞ്ഞുകേള്‍ക്കുന്ന പേര്. മുന്‍ നായകന്‍ എം എസ് ധോണിക്ക് സ്ഥാനക്കയറ്റം നല്‍കണം, യുവ താരം ഋഷഭ് പന്തിനെ പരീക്ഷിക്കണം എന്നിങ്ങനെ ചര്‍ച്ചകളില്‍ ഉള്‍ത്തിരിഞ്ഞ അഭിപ്രായങ്ങള്‍ നിരവധി. ഇക്കാര്യത്തില്‍ വ്യത്യസ്ത സമീപനമാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി സ്വീകരിച്ചത്.
ടെസ്റ്റ് സ്‌പെഷലിസ്റ്റായ ചേതേശ്വര്‍ പൂജാരയെ നിര്‍ണായകമായ ഈ ബാറ്റിംഗ് പൊസിഷനില്‍ അയക്കണം എന്നായിരുന്നു ദാദയുടെ നിലപാട്. പൂജാരയുടെ ഫീല്‍ഡിംഗ് ചിലപ്പോള്‍ ദുര്‍ബലമായിരിക്കും. എന്നാല്‍ അദേഹമൊരു മികച്ച ബാറ്റ്സ്‌മാനാണ്. എന്‍റെ സെലക്‌ഷന്‍ കണ്ട് ആളുകള്‍ക്ക് അമ്പരപ്പുണ്ടായേക്കാം. എന്നാല്‍ ക്വാളിറ്റി ബാറ്റ്‌സ്‌മാനെയാണ് ടീമിന് ആവശ്യമെങ്കില്‍ പൂജാരയെ ഇറക്കാമെന്നാണ് ഒരു അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയത്.
ഇന്ത്യക്കായി ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡ് കാട്ടിയ റോള്‍ പൂജാരയ്ക്ക് തുടരാനാകും. ഇതെന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ഒട്ടേറെ പേര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകുമെന്ന് അറിയാമെന്നും ഗാംഗുലി പറഞ്ഞിരുന്നു. ദാദയുടെ വാക്കുകള്‍ പോലെ തന്നെ പൂജാരയുടെ കാര്യത്തില്‍ വലിയ വിമര്‍ശനമാണ് ട്വിറ്ററില്‍ ക്രിക്കറ്റ് പ്രേമികളില്‍ നിന്നുണ്ടായത്.
