അഞ്ച് വർഷത്തിനുശേഷം ലോർഡ്സ് ടെസ്റ്റിലെ അരങ്ങേറ്റ സെഞ്ച്വറി ഗാംഗുലിയുടെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്‍റേയും തലവരമാറ്റമായിരുന്നു
സതാംപ്‍ടണ്‍: ഓഫ് സൈഡിലെ ദൈവം. യുവതാരങ്ങളുടെ രക്ഷകൻ. നിർഭയനായ നായകൻ. വിശേഷണങ്ങൾ ഏറെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു ദാദയായ(Dada) സൗരവ് ഗാംഗുലിക്ക്(Sourav Ganguly). പത്തൊൻപതാം വയസ്സിൽ 1992ൽ ഇന്ത്യൻ ടീമിലെത്തുമ്പോൾ അഹങ്കാരി എന്നായിരുന്നു വിശേഷണം. വിൻഡീസിനെതിരായ ഏകദിനത്തിലെ മൂന്ന് റൺസിൽ കളിയവസാനിക്കുമെന്ന് വിധിയെഴുതിയവർ നിരവധി. അഞ്ച് വർഷത്തിനുശേഷം ലോർഡ്സ് ടെസ്റ്റിലെ അരങ്ങേറ്റ സെഞ്ച്വറി ഗാംഗുലിയുടെ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്‍റേയും തലവരമാറ്റമായിരുന്നു- സനില്‍ ഷാ എഴുതുന്നു.
ക്രിസ് ലൂയിസും ഡൊമിനിക്ക് കോർക്കും അലൻ മുല്ലാലിയും അടങ്ങിയ പേസ് നിരയ്ക്കെതിരെ ലോർഡ്സില്‍ സൗരവ് ഗാംഗുലി നേടിയത് 131 റൺസ്. മറ്റൊരു അരങ്ങേറ്റക്കാരനായ രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സിന്റെ നടുനിവർത്തിയതും ഗാഗുലിയുടെ ബാറ്റായിരുന്നു. ഒപ്പമുള്ള സച്ചിനും ദ്രാവിഡും ലക്ഷ്മണുമെല്ലാം സാങ്കേതികത്തികവോടെ ബാറ്റുവീശിയപ്പോൾ ഓഫ് സൈഡിലെ കരുത്തിനൊപ്പം ചങ്കുറപ്പായിരുന്നു ഗാംഗുലിയുടെ കൈമുതൽ.
ഇന്ത്യൻ ക്രിക്കറ്റ് ഒത്തുകളി വിവാദത്തിൽ നട്ടംതിരിഞ്ഞുനിൽക്കുമ്പോഴായിരുന്നു ദാദ ക്യാപ്റ്റന്‍റെ തൊപ്പിയണിയുന്നത്. യുവതാരങ്ങളെ ചേർത്തുപിടിച്ച് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖച്ഛായമാറ്റി. സ്വദേശത്തും വിദേശത്തും ഇന്ത്യ നിർഭയരായി മാറി. ഹർഭജൻ സിംഗും വിരേന്ദർ സെവാഗും എം എസ് ധോണിയും സഹീർ ഖാനും ഇർഫാൻ പഠാനുമെല്ലാം ഗാംഗുലിയുടെ തണലിൽ വളർന്നുപന്തലിച്ചവർ. നാല് വർഷത്തിനിടെ മൂന്ന് ഐസിസി ടൂർണമെന്‍റിന്‍റെ ഫൈനലിലേക്ക് ടീമിനെ നയിച്ച ഗാംഗുലി പോരാട്ടവീര്യത്തിന്‍റെ ഇന്ത്യൻ മുഖമായിരുന്നു. നാറ്റ്‍വെസ്റ്റ് ട്രോഫി ഫൈനലിലെ വിജയത്തിന് ശേഷമുള്ള വിജയാഹ്‍ളാദം മാത്രം മതി ഗാംഗുലിയെന്ന വീറുറ്റ നായകനെ അടയാളപ്പെടുത്താന്‍.
ഗ്രെഗ് ചാപ്പൽ യുഗത്തിൽ കാലിടറിയ ഗാംഗുലി 2008ൽ പാഡഴിക്കുമ്പോൾ 113 ടെസ്റ്റിൽ 16 സെഞ്ച്വറിയോടെ 7212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസും സ്വന്തം പേരിനൊപ്പം കുറിച്ചിരുന്നു. അപ്പോഴേക്കും ഗാംഗുലിക്ക് അഹങ്കാരിയെന്ന വിശേഷണം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം എന്ന അംഗീകാരമായി മാറി. കമന്‍റേറ്ററായി ഒരുകൈ നോക്കിയ ഗാംഗുലി 2015ൽ ക്രിക്കറ്റ് ഭരണത്തിന്‍റെ ക്രീസിലെത്തി. നാല് വർഷം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ ദാദ 2019ൽ ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച ഗാഗുലി അതേനാട്ടിലാണ് സച്ചിന്‍റേയും ദ്രാവിഡിന്‍റേയും ലക്ഷ്മണിന്‍റേയുമെല്ലാം സാന്നിധ്യത്തിൽ അൻപതാം പിറന്നാൾ ആഘോഷിക്കുന്നത്.
Sourav Ganguly Turns 50 : ദാദയ്ക്ക് ഫിഫ്റ്റി; ഓഫ് സൈഡിലെ ദൈവത്തിന് 50-ാം പിറന്നാള്‍
