ഗാംഗുലിയുടെ ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചതായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.  കഴിഞ്ഞ മാസം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലി ബുധനാഴ്ച നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.

കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വധേയനാക്കിയത്.

ഗാംഗുലിയുടെ ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ ഇട്ടതായും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ മാസം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലി ബുധനാഴ്ച നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.

ഗാംഗുലിയുടെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചുവെന്നും ഗാംഗുലിയെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഗാംഗുലി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ ഭാര്യയുമായി സംസാരിച്ചുവെന്നും മമത പറഞ്ഞു.

ഗാംഗുലിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ മറ്റ് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനും സാധാരണനിലയിലാണെന്നും ഡോക്ടര്‍മാരും അറിയിച്ചു. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി ഈ മാസം ഏഴിനാണ് ആശുപത്രി വിട്ടത്.