കൊല്‍ക്കത്ത: മോശം ഫോമിന്റെയും അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്താവുന്നതിന്റെയും പേരില്‍ ഏറെ പഴികേട്ട യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഋഷഭ് പന്തിനെ ഒരുപാട് പേര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ അറിയേണ്ടത്, തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് പന്ത് കൂടുതല്‍ മികച്ച കളിക്കാരനായി വളരുമെന്നാണ്.

രാജ്യാന്തര ക്രിക്കറ്റിലേക്ക് പന്തിന്റെ കടന്നുവരവ് ഉജ്ജ്വലമായിരുന്നു. എന്റെ അഭിപ്രായത്തില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ഋഷഭ് പന്ത്. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ പോവുന്ന കളിക്കാരന്‍. ദീര്‍ഘകാലത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷവെക്കാവുന്ന കളിക്കാരനാണ് പന്തെന്നും ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തില്‍ വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡ‍ീസിനെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്കെതിരാട ടി20 പരമ്പരയിലും ചെറിയ സ്കോറുകളില്‍ പുറത്തായ പന്ത് മോശം ഷോട്ട് കളിച്ച് ഔട്ടാവുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പന്തിന് പകരം മറ്റ് യുവതാരങ്ങളായ ഇഷാന്‍ കിഷനെയും സഞ്ജു സാംസണെയും പരീക്ഷിക്കമെന്നുവരെ ആവശ്യം ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തിന് പകരം സാഹയെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നും ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.