ബിജെപിയോടുള്ള ഗാംഗുലിയുടെ അടുപ്പമാണ് ഭൂമി തിരിച്ചേല്‍പ്പിക്കാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൊല്‍ക്കത്ത: സ്‌കൂള്‍ നിര്‍മിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ നല്‍കിയ ഭൂമി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തിരികെ നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐസിഎസ്ഇ ബോര്‍ഡ് ഹൈസ്‌കൂള്‍ നിര്‍മിക്കാനാണ് കൊല്‍ക്കത്തയില്‍ സര്‍ക്കാര്‍ ഗാംഗുലിക്ക് രണ്ടേക്കര്‍ ഭൂമി അനുവദിച്ചത്. എന്നാല്‍, മമതാ ബാനര്‍ജിയെ നേരിട്ടുകണ്ട ഗാംഗുലി ഭൂമി മടക്കി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂമിയുടെ രേഖകള്‍ ഗാംഗുലി മമതക്ക് കൈമാറിയെന്നും പറയുന്നു. എന്നാല്‍, ഗാംഗുലിയോ സര്‍ക്കാറോ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഭൂമിയെ സംബന്ധിച്ച നിയമപരമായ പ്രശ്‌നമാണ് തിരിച്ചേല്‍പ്പിക്കാന്‍ കാരണമെന്നും പറയുന്നു. നേരത്തെയും ഗാംഗുലി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമി നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് തിരിച്ചേല്‍പ്പിച്ചിരുന്നു. 

അതേസമയം, ബിജെപിയോടുള്ള ഗാംഗുലിയുടെ അടുപ്പമാണ് ഭൂമി തിരിച്ചേല്‍പ്പിക്കാന്‍ കാരണമെന്നും അഭ്യൂഹമുയര്ന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഗാംഗുലി ബിജെപിക്കായി കളത്തിലിറങ്ങുമെന്ന് അഭ്യൂഹം നേരത്തെ ശക്തമാണ്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ഗാംഗുലിയെ ബിജെപിയും അമിത് ഷായുമാണ് പിന്തുണ നല്‍കിയത്. അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. ബംഗാളില്‍ ഏറെ ജനപ്രീതിയുള്ള ഗാംഗുലിയെ രംഗത്തിറക്കിയാല്‍ ഗുണകരമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. എന്നാല്‍, മമതയോടും അടുപ്പം സൂക്ഷിക്കുന്ന ഗാംഗുലി തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.