കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ  ഐപിഎല്ലില്‍ വിജയകരമായി നയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയെ ആദ്യ സീസണില്‍ നയിച്ച ഗാംഗുലിക്ക് ടീമിനെ ആറാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞുള്ളു. രണ്ടാം സീസണില്‍ ഗാംഗുലിക്ക് പകരം ബ്രണ്ടന്‍ മക്കല്ലം നായകാനായെങ്കിലും ടീം എട്ടാമതായാണ് ഫിനിഷ് ചെയ്തത്.

ഇതിന് പിന്നാലെ പരിശീലകനായ ജോണ്‍ ബുക്കാനനെ ടീം മാനേജ്മെന്റ് പുറത്താക്കി. മൂന്നാം സീസണില്‍ ഗാംഗുലി വീണ്ടും നായകനായെങ്കിലും ടീമിനെ ആദ്യ  നാലില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 2011ല്‍ ഗാംഗുലിയില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം എടുത്തുമാറ്റി ഗൗതം ഗംഭീറിന് നല്‍കിയിരുന്നു. ഗൗതം ഗംഭീറിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുമ്പോള്‍ ഈ ടീമിനെ നിങ്ങളെ ഏല്‍പ്പിക്കുന്നുവെന്നും ഇനി ഇത് നിങ്ങളുടെ ടീമാണെന്നുമായിരുന്നു ടീം ഉടമയായ ഷാരൂഖ് ഖാന്‍ പറഞ്ഞത്.
എന്നാല്‍ തനിക്ക് അത്തരമൊരു സ്വാതന്ത്ര്യം കൊല്‍ക്കത്ത ടീമില്‍ ലഭിച്ചിരുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു.

ഐപിഎല്ലില്‍ നായകന്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള ടീമുകളെ നേട്ടമുണ്ടാക്കിയിട്ടുള്ളതെന്നും ഗാംഗുലി പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് കണക്ടില്‍ ഗൗതം ഗംഭീറിന്റെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഇത് നിങ്ങളുടെ ടീമാണ്, യാതൊരു ഇടപെടലും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഐപിഎല്‍ നാലാം സീസണില്‍ ടീം ഉടമയായ ഷാരൂഖ് ഖാന്‍ ക്യാപ്റ്റന്‍ സ്ഥാനം കൈമാറുമ്പോള്‍ പറഞ്ഞുവെന്നാണ് ഗംഭീര്‍ പറയുന്നത്. ഇതുതന്നെയായിരുന്നു ആദ്യ സീസണില്‍ ഞാന്‍ ഷാരൂഖിനോടും ആവശ്യപ്പെട്ടത്. ടീമിനെ എനിക്ക് വിട്ടു തരൂ, ഞാന്‍ നോക്കിക്കൊള്ളാമെന്ന്, പക്ഷെ അതൊരിക്കലും സംഭവിച്ചില്ല-ഗൗതം ഭട്ടചാര്‍ജിയുമായുള്ള യുട്യൂബ് അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.


ഏറ്റവും മികച്ച ഐപിഎല്‍ ടീമുകളുടെ നായകന്‍മാര്‍ക്കെല്ലാം ടീമില്‍ പൂര്‍ണ നിയന്ത്രണമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നോക്കു. ധോണിയാണ് അവിടെ സര്‍വാധിപന്‍. അദ്ദേഹമാണ് ടീമിനെ നിയന്ത്രിക്കുന്നത്. മുംബൈയെ നോക്കു, രോഹിത് ശര്‍മയോട് ആര്‍ക്കെങ്കിലും ഇന്ന കളിക്കാരനെ ടീമിലെടുക്കണമെന്ന് പറയാനാവുമോ. ഞാനും കോച്ച് ജോണ്‍ ബുക്കാനനും തമ്മിലുള്ള അഭിപ്രായ വ്യത്യാസമായിരുന്നു പ്രധാന പ്രശ്നം. ആദ്യ സീസണിന്റെ അവസാനത്തോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

ടീമില്‍ നാലു ക്യാപ്റ്റന്‍മാര്‍ വേണമെന്ന നിലപാടായിരുന്നു ബുക്കാനന്‍. എന്നാലെ കാര്യങ്ങള്‍ തനിക്ക് നിയന്ത്രിക്കാനാകൂ എന്ന് അദ്ദേഹം കരുതി. ഞാനായിരുന്നില്ല പ്രശ്നം, ടീമിന് ഒരു നായകനെന്ന നമ്മുടെ രീതികളായിരുന്നു. ടീമിനകത്ത് തന്നെ നായകന്‍മാരായി ബ്രണ്ടം മക്കല്ലം ഉണ്ടായിരുന്നു, മറ്റൊരാള്‍ ഉണ്ടായിരുന്നു, ബൗളിംഗ് ക്യാപ്റ്റന്‍ ഉണ്ടായിരുന്നു. പിന്നെ എന്തിനാണ് ഞാന്‍ ക്യാപ്റ്റനായി ഇരിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല-ഗാംഗുലി പറഞ്ഞു. കൊല്‍ക്കത്തക്കൊപ്പം മൂന്ന് സീസണ്‍ കളിച്ച ശേഷം ഗാംഗുലി ടീം വിട്ടിരുന്നു. പിന്നീട് പൂനെ വാരിയേഴ്സില്‍ ചേര്‍ന്ന ഗാംഗുലി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായും പ്രവര്‍ത്തിച്ചു.

ടീം ഉടമയയായ ഷാരൂഖ് ഖാനില്‍ നിന്ന് തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്ന് ഗംഭീര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഗംഭീര്‍ നായകനായശേഷം കൊല്‍ക്കത്ത രണ്ട് തവണ ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു.