കോലിയുടെ പിന്‍ഗാമിയായി രോഹിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിച്ചു. ഇപ്പോഴിതാ രോഹിത്തിന് കീഴില്‍ നമ്മള്‍ ഐസിസി കിരീടം നേടിയിരിക്കുന്നു.
കൊല്‍ക്കത്ത: വിരാട് കോലി അപ്രതീക്ഷിതമായ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ രോഹിത് ശര്‍മയെ ഇന്ത്യൻ നായകനാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത് ബിസിസിഐ പ്രസിഡന്‍റായിരുന്ന താനായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. അന്ന് എല്ലാവരും തന്നെ വിമര്‍ശിച്ചെങ്കിലും ഇപ്പോള്‍ രോഹിത് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചപ്പോള്‍ ആരും അതിനെക്കുറിച്ച് ഓര്‍ക്കുന്നപോലുമില്ലെന്നും ഗാംഗുലി പറഞ്ഞു.
കോലിയുടെ പിന്‍ഗാമിയായി രോഹിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ എല്ലാവരും എന്നെ വിമര്‍ശിച്ചു. ഇപ്പോഴിതാ രോഹിത്തിന് കീഴില്‍ നമ്മള്‍ ഐസിസി കിരീടം നേടിയിരിക്കുന്നു. ഇപ്പോഴാരും എന്നെ ചീത്തപറയുന്നില്ല. ഞാനാണ് രോഹിത്തിനെ ക്യാപ്റ്റനാക്കിയതെന്ന കാര്യം എല്ലാവരും അക്കാര്യം മറന്നുപോയി-ബംഗ്ലാ ദിനപത്രമായ ആജ്‌കലിന് നല്‍കി അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.
2021ലെ ടി20 ലോകകപ്പിന് തൊട്ടു മുമ്പാണ് ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചത്. ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് പകരം രോഹിത് ശര്‍മയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. പിന്നാലെ ഏകദിന നായക സ്ഥാനവും കോലിയില്‍ നിന്ന് രോഹിത്തിന് കൈമാറി. വ്യത്യസ്ത ക്യാപ്റ്റന്‍മാരുണ്ടായാല്‍ ആശയക്കുഴപ്പമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ ഏകദിന ക്യാപ്റ്റൻ സ്ഥാനം കോലിയില്‍ നിന്ന് രോഹിത്തിന് കൈമാറിയത്. ഇതില്‍ കോലിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
സിംബാബ്‌വെക്കെതിരെ നിർണായക ടോസ് ജയിച്ച് ഇന്ത്യ, ഇരു ടീമിലും മാറ്റം; വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ
ആ വര്‍ഷം ഒടുവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കൊടുവില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സിയും കോലി രാജിവെച്ചു. തുടര്‍ന്ന് മൂന്ന് ഫോര്‍മാറ്റിലെയും നായകനായി രോഹിത്തിനെ തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത്തിന് കീഴില്‍ 2022ലെ ടി20 ലോകകപ്പ് സെമിയിലെത്തിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2023ലെ ഏകദിന ലോകകപ്പില്‍ അപരാജിതരായി ഫൈനലിലുമെത്തി. കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി 13 വര്‍ഷമായുള്ള ഇന്ത്യയുടെ ഐസിസി കീരീടവരള്‍ച്ചക്ക് വിരാമമിടുകയും ചെയ്തു.
