പറ്റ്ന: കൊവിഡ് 19 രോഗ ബാധയെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹരിയാനയിലെ ഗുഡ്ഗാവില്‍ കുടുങ്ങിയ അച്ഛനെ ബിഹാറിലെ വീട്ടീലെത്തിക്കാനായി 1200 കിലോ മീറ്ററോളം സൈക്കിളോടിച്ച 15കാരിയെ ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിംഗ് ഫെഡറേഷന്‍. ബിഹാര്‍ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജ്യോതി കുമാരിയെയാണ് സൈക്ലിംഗ് ഫെഡറേഷന്‍ അടുത്ത മാസം ട്രയല്‍സിന് ക്ഷണിച്ചത്.

ലോക്ഡൗണില്‍ ഗുഡ്ഗാവില്‍ കുടുങ്ങിയ പിതാവിനെ 1200 കിലോ മീറ്റീര്‍ ദൂരം സൈക്കിള്‍ ചവിട്ടി ബിഹാറിലെ ദര്‍ബാംഗം ജില്ലയിലുള്ള വീട്ടിലെത്തിച്ച ജ്യോതി കുമാരിയുടെ ധീരത വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഫെഡറേഷന്റെ നടപടി. പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി ഏഴ് ദിവസം കൊണ്ടാണ് ജ്യോതി കുമാരി ഗുഡ്ഗാവില്‍ നിന്ന് സൈക്കിള്‍ ചവിട്ടി ബിഹാറിലെത്തിയത്.

സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ആണ് ജ്യോതിയെ ട്രയല്‍സിന് ക്ഷണിച്ചകാര്യം പുറത്തുവിട്ടത്. ജ്യോതി ട്രയല്‍സില്‍ ജയിക്കുകയാണെങ്കില്‍ ദേശീയ സൈക്ലിംഗ് അക്കാദമിയില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുമെന്നും ഓങ്കാര്‍ സിംഗ് പിടിഐയോട് പറഞ്ഞു. സ്പോര്‍ട്സ്  അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സൈക്ലിംഗ് അക്കാദമികളിലൊന്നാണ്.

ജ്യോതിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ലോക്ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് അടുത്ത മാസം ഡല്‍ഹിയില്‍ ട്രയല്‍സിനായി എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുള്ള യാത്രാ, താമസ ചെലവുകള്‍ ഫെഡറേഷന്‍ വഹിക്കുമെന്നും ഓങ്കാര്‍ സിംഗ് പറഞ്ഞു. ജ്യോതിയില്‍ എന്തോ ചില പ്രത്യേകതകളുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ട്രയല്‍സിന് ക്ഷണിച്ചതെന്നും 1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടുക എന്നത് നിസാര കാര്യമല്ലെന്നും ഓങ്കാര്‍ സിംഗ് പറഞ്ഞു.

ഗുഡ്ഗാവില്‍ ഓട്ടോ ഡ്രൈവറായ ജ്യോതിയുടെ പിതാവ് മോഹന്‍ പാസ്വാന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഓട്ടോ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരുമാനം നിലക്കുകയും ഓട്ടോ അതിന്റെ ഉടമസ്ഥന്‍ കൊണ്ടുപോകുകയും ചെയ്തതോടെയാണ് മോഹന്‍ പാസ്വാന്‍ ഗുഡ്ഗാവില്‍ കുടുങ്ങിപ്പോയത്.

കൈയിലുള്ള പൈസയെല്ലാം എടുത്ത് ഒരു സൈക്കിളും വാങ്ങി ഈ മാസ് 10നാണ് ജ്യോതിയും അച്ഛനും കൂടി ഗുഡ്ഗാവില്‍ നിന്ന് ബിഹാറിലേക്ക് യാത്ര തിരിച്ചത്. മെയ് 16നാണ് ഇരുവരും സുരക്ഷിതരായി വീട്ടിലെത്തിയത്.