കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാരായിരിക്കും എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ അടക്കം നിരവധി പ്രമുഖര്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും നിലവിലെ പരിശീലകനായ രവി ശാസ്ത്രി തന്നെ ഇന്ത്യന്‍ പരീശീലകനായി തുടരുമെന്നാണ് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുക.

എന്നാല്‍ ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്  ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗാംഗുലി ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം വ്യക്തമാക്കിയത്.

തീര്‍ച്ചയായും ഇന്ത്യന്‍ പരിശീലകനാവാന്‍ എനിക്കും താല്‍പര്യമുണ്ട്. പക്ഷെ ഇപ്പോഴല്ല, അതിന്റെ സമയം വരുമ്പോള്‍. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്റെ ഉപദേശകന്‍, ടെലിവിഷന്‍ കമന്റേറ്റര്‍ എന്നീ ജോലികളുടെ തിരക്കുണ്ട്. ഇതെല്ലാം പൂര്‍ത്തീകരിച്ചശേഷം ഉചിതമായ സമയം വരുമ്പോള്‍ പരീശീലകസ്ഥാനത്തേക്ക് ഞാനും ഒരുകൈ നോക്കും. പക്ഷെ അത് ഇപ്പോഴല്ല, ഭാവിയില്‍ ആണെന്ന് മാത്രം.

ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഇത്തവണ വലിയ പേരുകാരൊന്നും അപേക്ഷിച്ചിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി. പരീശലക സ്ഥാനത്തേക്ക് ലഭിച്ച അപേക്ഷകള്‍ നോക്കുമ്പോള്‍ വലിയ പേരുകാരൊന്നും ഇല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മഹേല ജയവര്‍ധനെ അപേക്ഷിക്കുമെന്ന് കേട്ടിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിട്ടില്ല. ഉപദേശക സമിതി എന്താണ് തീരുമാനിക്കുക എന്നറിയില്ല. എന്തായാലും അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന തീരുമാനമെടുക്കാം. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രകടനത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു.

നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തന്നെ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്ത് തുടരുമെന്നതിന്റെ സൂചനയാണ് ഗാംഗുലിയുടെ വാക്കുകളെന്ന് ആരാധകര്‍ കരുതുന്നു.