ഏകദിന ലോകകപ്പില്‍ കെ എല്‍ രാഹുല്‍ മടങ്ങിവന്നാല്‍ അദേഹത്തിനൊപ്പം ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പർ ബാറ്ററായി കളിപ്പിക്കാനിടയുണ്ട്
ബെംഗളൂരു: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സഞ്ജു സാംസണ്‍ ഇടംപിടിക്കുന്നതിന് വേണ്ടിയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ട്വന്‍റി 20 പരമ്പരകളിലെ പ്രകടനം സഞ്ജുവിന് നിർണായകമാകും എങ്കിലും വലിയ താരപ്പോര് മറികടന്ന് വേണം സഞ്ജുവിന് 15 അംഗ സ്ക്വാഡിലെത്താന്‍. അഞ്ചാം നമ്പറിലേക്ക് മാത്രമേ നിലവില്‍ ഒരു ബാറ്റർക്ക് കടന്നുകൂടാന്‍ കഴിയൂ എന്നതൊരു വസ്തുതയാണ്.
ഏകദിന ലോകകപ്പില്‍ കെ എല്‍ രാഹുല്‍ മടങ്ങിവന്നാല്‍ അദേഹത്തിനൊപ്പം ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പർ ബാറ്ററായി സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയേക്കും. പരിക്കില്‍ നിന്നുള്ള മടങ്ങിവരവാണ് രാഹുലിന്‍റേത് എന്നതിനാല്‍ ഇഷാനെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്ററാക്കാനാണ് സാധ്യത. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനാനായി സഞ്ജുവിന് ഇടംപിടിക്കണമെങ്കില്‍ ശിവം ദുബെ, തിലക് വർമ്മ എന്നീ മധ്യനിര താരങ്ങളെ മറികടന്ന് ടീമിലെത്തണം. ഏകദിന ലോകകപ്പ് കളിക്കണമെന്ന ആഗ്രഹം തിലകും ദുബെയും പങ്കുവെച്ചിട്ടുണ്ട്. ലോകകപ്പ് മത്സരത്തില്‍ നാല്‍പതോ അമ്പതോ റണ്ണിന് നാലോ അഞ്ചോ വിക്കറ്റ് വീണാല്‍ ടീമിനെ അനായാസം മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്ക് കഴിയും എന്ന ആത്മവിശ്വാസത്തിലാണ് തിലക് വർമ്മ. അതേസമയം ലോകകപ്പ് കളിക്കാനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും, എന്നാല്‍ ടീം സെലക്ഷന്‍ തന്‍റെ കയ്യിലല്ല എന്നും ദുബെ പറഞ്ഞു.
ഐപിഎല്‍ പതിനാറാം സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിലക് വർമ്മക്ക് വിന്‍ഡീസ് പര്യടനത്തിലെ ടി20 ടീമിലേക്ക് ആദ്യമായി ക്ഷണം കിട്ടിയത്. ഇരുപത് വയസുകാരനായ തിലക് ഐപിഎല്‍ 2023ല്‍ മുംബൈ ഇന്ത്യന്‍സിനായി 164 പ്രഹരശേഷിയില്‍ 343 റണ്‍സ് നേടിയിരുന്നു. തിലക് ഉടന്‍ ടീം ഇന്ത്യക്കായി കളിക്കുമെന്ന് അന്നേ നായകന്‍ രോഹിത് ശർമ്മ വ്യക്തമാക്കിയതാണ്. അഞ്ചാം നമ്പറിലാണ് ഐപിഎല്ലില്‍ തിലക് ബാറ്റ് ചെയ്തത്. ലോകകപ്പില്‍ രോഹിത് ശർമ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാർ യാദവ്/ശ്രേയസ് അയ്യർ എന്നിവർ ആദ്യ നാല് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യും എന്ന് ഉറപ്പായതിനാല്‍ അഞ്ചാം നമ്പറിലാവും പൊരിഞ്ഞ പോരാട്ടം നടക്കുക. ഇതേ സ്ഥാനത്തേക്കാവും സഞ്ജുവും രാഹുലും പരിഗണിക്കപ്പെടേണ്ടത്. ആറാം നമ്പറില്‍ ഹാർദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും വരാനാണ് സാധ്യത. പരിക്ക് മാറി അയ്യരും രാഹുലും എത്തിയാല്‍ ടീം സെലക്ഷന്‍ കൂടുതല്‍ പൊല്ലാപ്പിലാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Read more: ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ നിന്ന് തഴയപ്പെട്ടു; ഒളിയമ്പുമായി കെകെആര്‍ താരം, ചര്‍ച്ചയായി ട്വീറ്റ്

