എ ബി ഡിവില്ലിയേഴ്സിന്‍റെ മിന്നും സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം ചൂടി.

എഡ്ജ്ബാസ്റ്റൺ: എ ബി ഡിവില്ലിയേഴ്സിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ചാമ്പ്യൻസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ 60 പന്തില്‍ 120 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്‍റെയും 28 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ജെ പി ഡുമിനിയുടെയും ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 16.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 18 റണ്‍സെടുത്ത ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് നഷ്ടമായത്.

Scroll to load tweet…

പാക് ബൗളര്‍മാരെ തല്ലിതകർത്ത ഡിവില്ലിയേഴ്സ് 47 പന്തിലാണ് ടൂര്‍ണമെന്‍റലെ മൂന്നാം സെഞ്ചുറിയിലെത്തിയത്. നേരത്തെ ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ 39 പന്തിലും ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ 41 പന്തിലും ഡിവില്ലിയേഴ്സ് സെഞ്ചുറി നേടിയിരുന്നു. 196 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദകഷിണാഫ്രിക്ക ചാമ്പ്യൻസിനായി ഡിവില്ലിയേഴ്സും ഹാഷിം അംലയും ചേര്‍ന്ന് വെടിക്കട്ട് തുടക്കമാണ് നല്‍കിയത്.

Scroll to load tweet…

ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ആറോവറില്‍ 72 റണ്‍സടിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 18 റണ്‍സെടുത്ത അംല പുറത്താകുമ്പോള്‍ ഡിവില്ലിയേഴ്സ് 23 പന്തില്‍ 46 റണ്‍സിലെത്തിയിരുന്നു. 24 പന്തില്‍ അര്‍ധസെഞ്ചുറി തികിച്ച ഡിവില്ലിയേഴ്സ് ഡുമിനെയെ കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്കയെ വിജയവര കടത്തി. പാകിസ്ഥാന്‍ ചാമ്പ്യൻസിനായി രണ്ടോവര്‍ വീതമെറിഞ്ഞ സൊഹൈല്‍ തന്‍വീര്‍ 32 റണ്‍സ് വഴങ്ങിയപ്പോൾ ഇമാദ് വാസിം 38 റണ്‍സ് വഴങ്ങി.

Scroll to load tweet…

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ചാമ്പ്യൻസ് ഓപ്പണര്‍ ഷര്‍ജീല്‍ കാന്‍റെ അര്‍ധസെഞ്ചുറിയുടെയും(44 പന്തില്‍ 76), ഉമര്‍ അമീന്‍(19 പന്തില്‍ 36*),ആസിഫ് അലി(15 പന്തില്‍ 28) ബാറ്റിംഗ് വെടിക്കെട്ടിന്‍റെയും മികവിലാണ് 195 റണ്‍സെടുത്തത്. സെമിയില്‍ ഇന്ത്യയെയായിരുന്നു പാകിസ്ഥാന്‍ നേരിടേണ്ടിയിരുന്നത്. എന്നാല്‍ പാകിസ്ഥാനെതിരെ മത്സരിക്കില്ലെന്ന നിലപാടെടുത്ത ഇന്ത്യൻ ടീം പിന്‍മാറിയതോടെയാണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്. ഓസ്ട്രേലിയ ചാമ്പ്യൻസിനെ തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് ഫൈനലിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക