വേള്‍ഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനോട് 88 റണ്‍സിന് തോറ്റ് ഇന്ത്യ ചാമ്പ്യൻസ്. 20 ഓവറില്‍ 208 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി ഇന്ത്യക്ക് 111 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു

നോര്‍ത്താംപ്ടൺ: വേള്‍ഡ് ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനോട് 88 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങി ഇന്ത്യ ചാമ്പ്യൻസ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ചാമ്പ്യൻസിന് 18.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 111 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മത്സരത്തിനൊടുവില്‍ ഫ്ലഡ് ലൈറ്റ് പണിമുടക്കിയതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയെ 88 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റൻ യുവരാജ് സിംഗ് ബാറ്റിംഗിനിറങ്ങിയില്ല.

Add Asianetnews as a Preferred SourcegooglePreferred

View post on Instagram

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനായി ഹാഷിം അംലയും(19 പന്തില്‍ 22), ജാക് റൂഡോള്‍ഫും(20 പന്തില്‍ 24) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും മടങ്ങിയശേഷം മൂന്നാം നമ്പറിലെത്തി സാറെല്‍ ഇര്‍വീ(15) നിരാശപ്പെടുത്തിയെങ്കിലും നാലാം നമ്പറില്‍ ക്രീസിലിറങ്ങിയ ഡിവില്ലിയേഴ്സ് തകര്‍ത്തടിച്ചു. 30 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും പറത്തി 63 റണ്‍സടിച്ച ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നപ്പോള്‍ ജെ പി ഡുമിനി(16), വെയ്ന്‍ പാര്‍നല്‍(11), സ്മട്സ്(17 പന്തില്‍ 30), മോര്‍ണി വാന്‍ വൈക്ക്(5 പന്തില്‍ 18*) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി.

ഇന്ത്യ ചാമ്പ്യൻസിനായി യൂസഫ് പത്താനും പിയൂഷ് ചൗളയും രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റോബിന്‍ ഉത്തപ്പയും(13 പന്തില്‍ 2), ശിഖര്‍ ധവാനും(നാലു പന്തില്‍ 1) തുടക്കത്തിലെ മടങ്ങിയതോടെ ഇന്ത്യ പതറി. സുരേഷ് റെയ്ന(16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അംബാട്ടി റായുഡു(0) കൂടി പവര്‍ പ്ലേയില്‍ മടങ്ങിയതോടെ ഇന്ത്യ 22-3ലേക്ക് തകര്‍ന്നു. പിന്നാലെ സുരേഷ് റെയ്നയും ബൗണ്ടറിയില്‍ ഡിവില്ലിയേഴ്സിന്‍റെ റിലേ ക്യാച്ചില്‍ യൂസഫ് പത്താനും(5) കൂടി വീണതോടെ ഇന്ത്യ 44-5ലേക്ക് കൂപ്പുകുത്തി.

View post on Instagram

ഇര്‍ഫാന്‍ പത്താന്‍(10), പിയൂഷ് ചൗള(9), പവന്‍ നേഗി(0) എന്നിവര്‍ കൂടി ചെറുത്തുനില്‍പ്പില്ലാതെ മടങ്ങിയതോടെ ഇന്ത്യ 100 കടക്കില്ലെന്ന് കരുതിയെങ്കിലും 39 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുടെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 100 കടത്തിയത്. വിനയ് കുമാര്‍ 12 പന്തില്‍ 13 റണ്‍സെടുത്ത ബിന്നിക്ക് പിന്തുണ നല്‍കി.

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ ഇന്ത്യക്ക് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ പോയന്‍റൊന്നും നേടാനായിട്ടില്ല. ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിനായി ആരോണ്‍ ഫാന്‍ഗിസോ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വെയ്ന്‍ പാര്‍നല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക