കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. കൊവിഡ് 19 അപകടകരമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പര്യടനം ഒഴിവാക്കി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് താരങ്ങളോട് രണ്ടാഴ്ചയോളം ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഒരു നിശ്ചിത സമയം വരെ പൊതുസമൂഹത്തില്‍ നിന്ന് അകലം പാലിക്കാനും താരങ്ങളോട് പറഞ്ഞിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലുണ്ടായിരുന്നത്. എന്നാല്‍ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പരമ്പര റദ്ദാക്കാന്‍ ഇരുരാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിക്കുകയായിരുന്നു.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് കായികലോകം നിശ്ചലമായിരിക്കുകയാണിപ്പോള്‍. ഐപിഎല്‍ ഉള്‍പ്പെടെയുള്ള പല ക്രിക്കറ്റ് ടൂര്‍ണമെന്റുകളും ഇപ്പോള്‍ നീട്ടിവെച്ചിരിക്കുകയാണ്.