രണ്ടാം ഇന്നിംഗ്‌സില്‍ മാത്യു ബ്രീറ്റ്‌സ്‌കെയുടെ (1) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ബുലാവായോ: സിംബാബ്‌വെക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്. സിംബാബ്‌വെയെ 251ന് പുറത്താക്കി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 418 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. നിലവില്‍ 216 റണ്‍സ് ലീഡായി സന്ദര്‍ശകര്‍ക്ക്. ടോണി ഡി സോര്‍സി (22), വിയാന്‍ മള്‍ഡര്‍ (25) എന്നിവരാണ് ക്രീസില്‍. നേരത്തെ സീന്‍ വില്യംസിന്റെ (137) സെഞ്ചുറിയാണ് സിംബാബ്‌വെയോ ഫോളോഓണ്‍ ഒഴിവാക്കാന്‍ സഹായിച്ചത്.
രണ്ടാം ഇന്നിംഗ്‌സില്‍ മാത്യു ബ്രീറ്റ്‌സ്‌കെയുടെ (1) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. തനാക ചിവാങ്കയ്ക്കാണ് വിക്കറ്റ്. സിംബാബ്‌വെയുടെ ആദ്യ ഇന്നിംഗ്‌സില്‍ വില്യംസ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ രണ്ടിന് 23 എന്ന നിലയിലായിരുന്ന ടീമിനെ വില്യംസ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ മുന്നോട്ട് നയിക്കുകയായിരുന്നു. ക്രെയ്ഗ് ഇര്‍വിന്‍ (36), ബ്രയാന്‍ ബെന്നറ്റ് (റിട്ടയേര്‍ഡ് ഹര്‍ട്ട് 18), വെസ്ലി മധെവേരെ (15), വിന്‍സെന്റ് മസെകെസ (11) എന്നിരാണ് രണ്ടക്കം കണ്ട മറ്റു സിംബാബ്‌വെ താരങ്ങള്‍.
നേരത്തെ ലുയാന്‍-ഡ്രെ പ്രിട്ടോറിയസ് (153), കോര്‍ബിന്‍ ബോഷ് (100) എന്നിവരുടെ സെഞ്ചുറികളാണ് ദക്ഷിണാഫ്രക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡിവാള്‍ഡ് ബ്രേവിസ് 51 റണ്‍സെടുത്തു. അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറിയോടെ ചില റെക്കോര്‍ഡുകളും പ്രിട്ടോറിയസ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സില്‍ 150+ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാവാന്‍ താരത്തിന് സാധിച്ചിരുന്നു. നാല് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രിട്ടോറിയസിന്റെ ഇന്നിംഗ്സ്.
മുന്‍ പാകിസ്ഥാന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ 48 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് യുവതാരം സ്വന്തം പേരിലാക്കിയത്. 19 വയസ്സും 93 ദിവസവുമാണ് പ്രിട്ടോറിയസിന്റെ പ്രായം. 1976 ല്‍ ലാഹോറില്‍ ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ മിയാന്‍ദാദിന് 19 വയസ്സും 119 ദിവസവുമായിരുന്നു പ്രായം. ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കക്കാരനും അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ കളിക്കാരനുമാണ് പ്രിട്ടോറിയസ്.

