രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 438 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം ക്രീസ് വിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ്.

ജൊഹാനസ്ബര്‍ഗ്: 438 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കല്‍ കൂടി ഭാഗ്യം കൊണ്ടുവരുമോ. മുമ്പ് ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ 438 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ജയിച്ച ചരിത്രമുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അത് അത്രയെളുപ്പം സാധ്യമാവില്ല.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 438 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം ക്രീസ് വിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിമക്കെ ജയത്തിലേക്ക് 312 റണ്‍സ് അകലം. 63 റണ്‍സുമായി പീറ്റര്‍ മലനും രണ്ട് റണ്ണോടെ നൈറ്റ് വാച്ച്‌മാന്‍ കേശവ് മഹാരാജും ക്രീസില്‍. 34 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും 18 റണ്‍സെടുത്ത സുബൈര്‍ ഹംസയുമാണ് പുറത്തായത്.

നേരത്തെ ഓപ്പണര്‍ ഡൊമനിക് സിബ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍വെച്ചത്. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം(61) ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

സ്റ്റോക്സ് 47 പന്തില്‍ 72 റണ്‍സടിച്ചു. ബട്‌ലര്‍(23), ഡെന്‍‌ലി(31) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിച്ച് നോര്‍ജെ മൂന്നും റബാദ, കേശവ് മഹാരാജ് എന്നിവര്‍ രണ്ടും വിതം വിക്കറ്റെടുത്തു.