50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തി 107 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 18 പന്തില്‍ 33 റണ്‍സെടുത്തു.

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 203 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തിൽ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തി 107 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 18 പന്തില്‍ 33 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോയെറ്റ്സെ മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 12 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിനെതിരെ ആദ്യ ബൗണ്ടറി നേടിയ സഞ്ജു കേശവ് മഹാരാജ് എറിഞ്ഞ മൂന്നാം ഓവറില്‍ ഫോറും സിക്സും അടിച്ച് ടോപ് ഗിയറിലായി. കോയെറ്റ്സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 56 റണ്‍സിലെത്തി.

Scroll to load tweet…

ഡര്‍ബനിൽ റെക്കോര്‍ഡുകള്‍ കടപുഴക്കി സഞ്ജുവിന്‍റെ ആറാട്ട്, 47 പന്തില്‍ സെഞ്ചുറി; ടി20യില്‍ ചരിത്രനേട്ടം

എട്ടാം ഓവര്‍ എറിയാനെത്തിയ എൻകബയോംസി പീറ്ററിനെതിരെ തുടര്‍ച്ചയായ സിക്സുകളിലൂടെ 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജുവാണ് ഇന്ത്യയെ നയിച്ചത്. ഒമ്പതാം ഓവര്‍ എറിയാനെത്തിയ പാട്രിക് ക്രുഗര്‍ വൈഡുകളും നോബോളുകളും എറിഞ്ഞ് 15 റണ്‍സ് വഴങ്ങിയെങ്കിലും അവസാന പന്തില്‍ സൂര്യകുമാറിന്‍റെ വിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കക്ക് ആശ്വസിക്കാന്‍ വക നല്‍കി. രണ്ടാം വിക്കറ്റില്‍ സഞ്ജു-സൂര്യ സഖ്യം 76 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. പതിനൊന്നാം ഓവറില്‍ കേശവ് മഹാരാജിനെ സിക്സിന് പറത്തി സഞ്ജു ഇന്ത്യയെ 100 കടത്തി. തിലക് വര്‍മക്കൊപ്പം മൂന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു പതിനാലാം ഓവറില്‍ തന്‍റെ തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറിയിലെത്തി. സഞ്ജുവിന്‍റെ സെഞ്ചുറിക്ക് പിന്നാലെ തിലക് വര്‍മയെ(18 പന്തില്‍ 33) വീഴ്ത്തിയ കേശവ് മഹാരാജ് കൂട്ടുകെട്ട് പൊളിച്ചു. സെഞ്ചുറിക്ക് ശേഷം എൻകബയോംസി പീറ്ററിനെ സിക്സിന് പറത്തിയ സഞ്ജു വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ പതിനാറാം ഓവറില്‍ പുറത്തായി. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയ സഞ്ജു 107 റണ്‍സടിച്ചു.

Scroll to load tweet…

പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും(6 പന്തില്‍ 2), റിങ്കു സിംഗും(10 പന്തില്‍11) കോയെറ്റ്സിക്ക് മുന്നില്‍ അടിതെറ്റി വീണതോടെ അവസാന ഓവറുകളില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പോലെ സ്കോര്‍ ഉയര്‍ത്താനായില്ല. അക്സര്‍ പട്ടേലിനെ(7 പന്തില്‍ 7) മാര്‍ക്കോ യാന്‍സന്‍ മടക്കി. അര്‍ഷ്ദീപിനെ അവസാന ഓവറില്‍ യാന്‍സന്‍ ബൗള്‍ഡാക്കിയെങ്കിലും നോ ബോളായത് ഇന്ത്യക്ക് രക്ഷയായി. 15 ഓവറില്‍ 167 റണ്‍സെത്തിയിരുന്ന ഇന്ത്യക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അവസാന അഞ്ചോവറില്‍ 35 റണ്‍സ് കൂടിയെ കൂട്ടിച്ചേര്‍ക്കാനായുള്ളു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെറാള്‍ഡ് കോയെറ്റ്സി നാലോവറില്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

Scroll to load tweet…