പഴിയേറെ കേള്‍ക്കുന്ന പൂജാരയുടെ പോരായ്‌മ തുറന്നുകാട്ടുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടുള്ള മൂന്ന് താരങ്ങളാണ് ഇന്ത്യന്‍ മധ്യനിര ഭരിക്കുന്നത്. നായകന്‍ വിരാട് കോലിയും (Virat Kohli) ചേതേശ്വര്‍ പൂജാരയും (Cheteshwar Pujara) അജിങ്ക്യ രഹാനെയും (Ajinkya Rahane) വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ടവരെങ്കിലും മൂവരേയും റണ്‍വരള്‍ച്ച ബാധിച്ചിരിക്കുന്നു. ഉന്നംപിഴയ്‌ക്കുന്ന ബാറ്റുമായി പഴിയേറെ കേള്‍ക്കുന്ന പൂജാരയുടെ പോരായ്‌മ തുറന്നുകാട്ടുകയാണ് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). 

'പൂജാര റണ്ണെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്തതാണ് വലിയ പ്രശ്‌നം. ക്ഷമയാണ് പൂജാരയുടെ ഉറ്റ സുഹൃത്ത്. പ്രതിരോധമാണ് രണ്ടാമത്തെ അടുത്ത സുഹൃത്ത്. ഈ രണ്ട് സുഹൃത്തുക്കളെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കിലും മൂന്നാമതൊരു സുഹൃത്തിനെ അദേഹം മറന്നു. ഏറ്റവും പ്രധാനമായ റണ്‍സ് കണ്ടെത്തലാണത്. ഷോട്ടുകള്‍ കളിക്കാന്‍ പൂജാര വളരെ മടിക്കുകയാണ്. മോശം പന്തുകള്‍ക്കായി കാത്തിരിക്കുക മാത്രമാണ് അദേഹം ചെയ്യുന്നത്' എന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ വിമര്‍ശിച്ചു. 

2018-19 ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം പൂജാരയ്‌ക്ക് നാളിതുവരെ സെഞ്ചുറി കണ്ടെത്താനായിട്ടില്ല. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഗോള്‍ഡണ്‍ ഡക്കായി പുറത്തായ താരം രണ്ടാം ഇന്നിംഗ്‌സില്‍ 64 പന്തില്‍ 16 റണ്‍സ് മാത്രമെടുത്തും മടങ്ങി. എന്നാല്‍ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനെയുടേയും മികച്ച ഇന്നിംഗ്‌സുകള്‍ക്കായി കാത്തിരിക്കണം എന്നാണ് ആരാധകരോട് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് അഭ്യര്‍ഥിക്കുന്നത്. 

വിക്രം റാത്തോഡിന്‍റെ വാദം

'ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. രഹാനെ മികച്ച ടച്ചിലാണെങ്കിലും അപ്രതീക്ഷിതമായി പുറത്തായി. ടീമിനായി മുമ്പ് ഗംഭീര ഇന്നിംഗ്‌സുകള്‍ കാഴ്‌ചവെച്ച താരമാണ് പൂജാര. വെല്ലുവിളികള്‍ നിറഞ്ഞ പിച്ചുകളിലായിരുന്നു ആ ഇന്നിംഗ്‌സുകള്‍. അത്രയധികം പേരൊന്നും ഇത്തരം സാഹചര്യങ്ങളില്‍ റണ്‍സ് കണ്ടെത്തിയിട്ടില്ല. ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനാല്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്' എന്നും റാത്തോഡ് പറഞ്ഞു. 

South Africa vs India : ലോക റെക്കോര്‍ഡിട്ട് ജസ്‌പ്രീത് ബുമ്ര; കപില്‍ ദേവിനൊപ്പം എലൈറ്റ് പട്ടികയിലും!