പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെയാണ് ബുമ്ര മറികടന്നത്

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ (South Africa vs India 1st Test) ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര (Jasprit Bumrah) എവേ ടെസ്റ്റുകളില്‍ 100 വിക്കറ്റ് തികച്ചിരുന്നു. കരിയറില്‍ 100 വിദേശ ടെസ്റ്റ് വിക്കറ്റുകള്‍ തികയ്‌ക്കാന്‍ ആകെ ടെസ്റ്റ് വിക്കറ്റ് സമ്പാദ്യം ഏറ്റവും കുറവ് വേണ്ടിവന്ന ബൗളറായി ഇതോടെ ബുമ്ര. ടെസ്റ്റ് കരിയറില്‍ 105 വിക്കറ്റ് നേടിയതിനിടെയാണ് ബുമ്ര വിദേശത്ത് 100 വിക്കറ്റ് തികച്ചത്. 

തന്‍റെ 118 ടെസ്റ്റ് വിക്കറ്റുകള്‍ക്കിടെ നൂറ് എവേ ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെയാണ് ബുമ്ര മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ സഹീര്‍ ഖാന്‍ (137), മുഹമ്മദ് ഷമി (140) എന്നിവരുടെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. 

സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ നാലാംദിനം രണ്ട് ബ്രേക്ക്‌ത്രൂകളാണ് ജസ്‌പ്രീത് ബുമ്ര ഇന്ത്യക്ക് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയുടെ വാന്‍ ഡെര്‍ ഡെസ്സനെയും (11), കേശവ് മഹാരാജിനേയും (8) ബൗള്‍ഡാക്കി. വാന്‍ ഡെര്‍ ഡെസ്സനെ വീഴ്‌ത്തിയതോടെയാണ് ടെസ്റ്റ് കരിയറില്‍ വിദേശത്ത് ബുമ്ര 100 വിക്കറ്റ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ പേസറാണ് ബുമ്ര. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ബുമ്രയുടെ മുന്‍ഗാമികള്‍. 

സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാംദിനമായ ഇന്ന് ആറ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ കൂടി വീഴ്‌ത്തിയാല്‍ ടീം ഇന്ത്യക്ക് പരമ്പരയില്‍ 1-0ന് മുന്നിലെത്താം. 305 റണ്‍സ് വിജയലക്ഷ്യവുമായി നാലാംദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ് ഇന്ന് മത്സരം പുനരാരംഭിക്കുക. 52 റണ്‍സുമായി ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ക്രീസിലുണ്ട്. അവസാനദിനം ആറ് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ജയത്തിലേക്ക് 211 റണ്‍സ് കൂടി വേണം. 

South Africa vs India : സെഞ്ചൂറിയനില്‍ മഴ കവരുമോ ഇന്ത്യയുടെ ജയപ്രതീക്ഷ; കാലാവസ്ഥാ പ്രവചനം ഇങ്ങനെ