Asianet News MalayalamAsianet News Malayalam

South Africa vs India : തീപാറും ഏറ്, മൂന്ന് വിക്കറ്റ് അകലെ ആഘോഷം; സെഞ്ചൂറിയനില്‍ ഇന്ത്യ വിജയത്തിനരികെ

രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 റൺസ് എന്ന നിലയിലാണ് അഞ്ചാംദിനമായ ഇന്ന് കളി പുനരാരംഭിച്ചത്

South Africa vs India 1st Test Team India need 3 wicket to win in 2 session remaining
Author
Centurion, First Published Dec 30, 2021, 3:42 PM IST

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ എറിഞ്ഞുവിറപ്പിക്കുന്ന ടീം ഇന്ത്യ (Team India) സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ (South Africa vs India 1st Test) ജയത്തിനരികെ. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങി അവസാനദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 182/7 എന്ന നിലയിലാണ്. രണ്ട് സെഷനും മൂന്ന് വിക്കറ്റും അവശേഷിക്കേ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാന്‍ 123 റണ്‍സ് കൂടി വേണം. മൂന്ന് വിക്കറ്റുമായി ബുമ്രയും (Jasprit Bumrah) രണ്ട് പേരെ വീതം മടക്കി ഷമിയും (Mohammed Shami) സിറാജും (Mohammed Siraj) തകര്‍പ്പന്‍ ബൗളിംഗാണ് പുറത്തെടുക്കുന്നത്. 78 പന്തില്‍ 34 റണ്‍സുമായി ക്രീസിലുള്ള തെംബാ ബാവൂമ മാത്രമാണ് ഇന്ത്യക്ക് ചെറിയ ഭീഷണി

മൂന്ന് വിക്കറ്റ് അകലെ ജയം 

രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 94 റൺസ് എന്ന നിലയിലാണ് അഞ്ചാംദിനമായ ഇന്ന് കളി പുനരാരംഭിച്ചത്. ജയിക്കാന്‍ 211 റണ്‍സ് കൂടി വേണമായിരുന്നു. ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി. 52 റൺസുമായി ക്രീസിലുണ്ടായിരുന്ന നായകൻ ഡീൻ എൽഗാറിനെ 77ല്‍ നില്‍ക്കേ ബുമ്ര എല്‍ബിയില്‍ കുടുക്കി. 21 റണ്‍സുമായി ക്വിന്‍റണ്‍ ഡികോക്കിനെ സിറാജ് ബൗള്‍ഡാക്കിയപ്പോള്‍ വയാന്‍ മുള്‍ഡറെ(1) ഷമി പന്തിന്‍റെ കൈകളിലെത്തിച്ചു. എയ്‌ഡന്‍ മർക്രാം ഒന്നും കീഗന്‍ പീറ്റേഴ്സൺ പതിനേഴും റാസീ വാന്‍ ഡെര്‍ ഡസ്സൻ പതിനൊന്നും കേശവ് മഹാരാജ് എട്ടും റൺസിന് നാലാംദിനം പുറത്തായിരുന്നു.

305, അത് ധാരാളം?

റബാഡയും ജാന്‍സണും നാല് വിക്കറ്റ് വീതം കൊയ്‌തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 174ല്‍ അവസാനിച്ചു. 34 റണ്‍സ് നേടിയ ഓപ്പണര്‍ റിഷഭ് പന്താണ് ടോപ് സ്‌കോറര്‍. 18 റണ്‍സുമായി സെഞ്ചുറിയില്ലാതെ വിരാട് കോലി ഈ വര്‍ഷത്തെ അവസാന ഇന്നിംഗ്‌സും അവസാനിപ്പിച്ചു. എങ്കിലും 305 റണ്‍സിന്‍റെ വമ്പന്‍ വിജയലക്ഷ്യം രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌‌ക്ക് മുന്നില്‍ വച്ചുനീട്ടുകയായിരുന്നു കോലിപ്പട. 

ഷമി ഹീറോയാ...

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 197ല്‍ പുറത്തായി. 16 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് പ്രോട്ടീസിനെ ഞെട്ടിച്ചത്. എയ്‌ഡൻ മർക്രാം, കീഗൻ പീറ്റേഴ്‌സൺ, തെംബ ബാവുമ, വിയാൻ മുൾഡർ, കാഗിസോ റബാഡ എന്നിവരെ ഷമി പുറത്താക്കി. ഇതോടെ ടെസ്റ്റിൽ 200 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറെന്ന നേട്ടം ഷമിക്ക് സ്വന്തമായി. 52 റണ്‍സ് നേടിയ തെംബാ ബാവുമയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോറര്‍.

സെഞ്ചൂറിയനിലെ സെഞ്ചുറി 

ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ ഏഴാം ടെസ്റ്റ് ശതകത്തിന്‍റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 327 റണ്‍സ് കുറിച്ചത്. രാഹുല്‍ 260 പന്തില്‍ 123 റണ്‍സ് നേടി. സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 60ഉം അജിങ്ക്യ രഹാനെ 48ഉം നായകന്‍ വിരാട് കോലി 35ഉം റണ്‍സെടുത്തു. ചേതേശ്വര്‍ പൂജാര ഗോള്‍ഡണ്‍ ഡക്കായി. ദക്ഷിണാഫ്രിക്കയ്‌ക്കായി എന്‍ഗിഡി ആറും റബാഡ മൂന്നും ജാന്‍സണ്‍ ഒന്നും വിക്കറ്റ് പിഴുതു. 

Follow Us:
Download App:
  • android
  • ios