സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് കോലിപ്പട
സെഞ്ചൂറിയന്‍: സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിലെ (South Africa vs India 1st Test) വിജയം നൃത്തച്ചുവടുകളോടെ ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ (Team India). വിജയശേഷം സെഞ്ചൂറിയനിലെ റിസോർട്ടിലായിരുന്നു താരങ്ങളുടെ ആഘോഷം. നായകന്‍ വിരാട് കോലി (Virat Kohli), ചേതേശ്വര്‍ പൂജാര (Cheteshwar Pujara), മായങ്ക് അഗര്‍വാള്‍ (Mayank Agarwal), മുഹമ്മദ് സിറാജ് (Mohammed Siraj), ആര്‍ അശ്വിന്‍ (R Ashwin) തുടങ്ങിയ താരങ്ങള്‍ നൃത്തച്ചുവടുകളോടെ ജയം ആഘോഷമാക്കി. ഇതിന് ശേഷം കേക്ക് മുറിക്കലുമുണ്ടായിരുന്നു.
ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ് വീഡിയോ അശ്വിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടെസ്റ്റില്‍ 200 വിക്കറ്റ് ക്ലബിലെത്തിയ മുഹമ്മദ് ഷമിയും വേഗത്തില്‍ 100 ടെസ്റ്റ് പുറത്താക്കലുകളില്‍ എം എസ് ധോണിയെ മറികടന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചേര്‍ന്നാണ് കേക്ക് മുറിച്ചത്. ഈ ചിത്രം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് കോലിപ്പട.
SA vs IND : ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീമോ കോലിപ്പട; മറുപടിയുമായി സുനില്‍ ഗാവസ്‌കര്‍
