വലിയ വിജയങ്ങളുടെ ആഘോഷങ്ങളിൽ മുങ്ങുമ്പോൾ പിന്നിട്ട വഴികൾ മറക്കുന്നവരോട് സുനിൽ ഗാവസ്‌കര്‍ക്ക് പറയാനുണ്ട്
സെഞ്ചൂറിയന്‍: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ (Team India) എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്നാണ് സെഞ്ചൂറിയന്‍ ടെസ്റ്റില്‍ നേടിയതെങ്കിലും മുൻതലമുറയുമായി താരതമ്യം ചെയ്യരുതെന്ന് ഇതിഹാസ ബാറ്ററും ഇന്ത്യന്‍ മുന്‍ നായകനുമായ സുനിൽ ഗാവസ്‌കർ (Sunil Gavaskar). വിരാട് കോലി (Virat Kohli) നയിക്കുന്ന ഇപ്പോഴത്തെ ടീം ഇന്ത്യക്ക് കൂടുതൽ വിജയങ്ങൾ നേടാൻ കഴിയുമെന്നും ഗാവസ്‌കർ പറഞ്ഞു.
കെ എല്‍ രാഹുലില്‍ വലിയ പ്രതീക്ഷ
സെഞ്ചൂറിയനിലെ ഐതിഹാസിക വിജയത്തിലൂടെ ടീം ഇന്ത്യ സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ കോട്ടയിൽ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് കോലിപ്പട. ഇതുകൊണ്ടുതന്നെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമാണ് ഇപ്പോഴത്തേതെന്ന വാദവും ശക്തം. എന്നാൽ മുൻനായകൻ സുനിൽ ഗാവസ്‌കർ ഇതിനോട് യോജിക്കുന്നില്ല.
'വ്യത്യസ്‌ത പിച്ചുകളില്‍ മികവ് തെളിയിച്ചിട്ടുള്ള ടീമുകള്‍ മുമ്പുമുണ്ട്. അവിശ്വസനീയ ടീമാണ് നിലവിലേത്. എന്നാല്‍ താരതമ്യം കൊണ്ട് കാര്യമില്ല. വ്യത്യസ്ത കാലഘട്ടത്തിലെ താരങ്ങളേയും ടീമിനേയും താരതമ്യം ചെയ്യരുത്. ഇപ്പോഴത്തെ ടീമിന്‍റെ ജയം ആസ്വദിക്കുകയാണ് വേണ്ടത്. ഓര്‍ത്തിരിക്കേണ്ട ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ നിലവിലെ ടീം സമ്മാനിച്ചിട്ടുണ്ട്' എന്നും ഗാവസ്‌കര്‍ പറഞ്ഞു. കെ എൽ രാഹുലിന്‍റെ ബാറ്റിൽ നിന്ന് കൂടുതൽ സെഞ്ചുറികൾ പ്രതീക്ഷിക്കാമെന്നും ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണർ വ്യക്തമാക്കി.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ചാണ് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്.
ഷമിയെ പ്രകീര്‍ത്തിച്ച് കോലി
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നേട്ടത്തിന് പിന്നിൽ ബൗളർമാരാണെന്ന് നായകൻ വിരാട് കോലി മത്സര ശേഷം പറഞ്ഞു. മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബൗളർമാരിൽ ഒരാളാണെന്നും കോലി അഭിപ്രായപ്പെട്ടു. സെഞ്ചൂറിയനില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ രണ്ടിന്നിംഗ്‌സിലുമായി ഷമി എട്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ടെസ്റ്റിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പേസറെന്ന നേട്ടം മത്സരത്തിനിടെ ഷമി സ്വന്തമാക്കി.
SAvIND : പരിക്കിന് ശേഷം രാഹുലിന്റെ തിരിച്ചുവരവ്; പിന്നിട്ടത് ചില നാഴികക്കല്ലുകള്‍, ദ്രാവിഡിനുമൊപ്പം
