സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക മികച്ച സ്കോറിലേക്ക്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ദിനേശ് ചണ്ഡിമലിന്‍റെയും ധനഞ‌്ജയ ഡിസില്‍വയുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക തകര്‍ച്ചയോടെയാണ് തുടങ്ങിയത് സ്കോര്‍ ബോര്‍ഡില്‍ 54 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയുടെയും(22), കുശാല്‍ പേരേരയുടെയും(16), കുശാല്‍ മെന്‍ഡിസിന്‍റെയും വിക്കറ്റുകള്‍ ലങ്കക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ 230 റണ്‍സടിച്ചുകൂട്ടി ദിനേശ് ചണ്ഡിമലും(85), ധനഞ്ജയ ഡിസില്‍വയും(79) ലങ്കയെ കരകയറ്റി.

ധനഞ്ജയ പരിക്കേറ്റ് മടങ്ങിയപ്പോള്‍ ചണ്ഡിമലിനെ മള്‍ഡര്‍ വീഴ്ത്തി. നിരോഷന്‍ ഡിക്‌വെല്ലയും(49), ദാസുന്‍ ഷനകയും(25 നോട്ടൗട്ട്) പിടിച്ചു നിന്നതോടെ ലങ്ക ആദ്യ ദിനം തന്നെ മികച്ച സ്കോര്‍ ഉറപ്പാക്കി. ഏഴ് റണ്‍സോടെ കസുന്‍ രജിതയാണ് ഷനകക്ക് ഒപ്പം ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്കായി വിയാന്‍ മള്‍ഡര്‍ മൂന്നു വിക്കറ്റെടുത്തു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.