തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഡുപ്ലസി പുറത്താകാതെ 114 പന്തില്‍ 112 റണ്‍സെടുത്തു. ഓപ്പണര്‍ ഡികോക്കിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(72 പന്തില്‍ 81) ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായി.

ജൊഹന്നസ്‌ബര്‍ഗ്: നായകന്‍ ഫാഫ് ഡുപ്ലസി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. പ്രോട്ടീസ് 232 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 പന്തുകള്‍ ബാക്കിനില്‍ക്കേ അടിച്ചെടുത്തു. തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഡുപ്ലസി പുറത്താകാതെ 114 പന്തില്‍ 112 റണ്‍സെടുത്തു. 

ഓപ്പണര്‍ ഡികോക്കിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(72 പന്തില്‍ 81) ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായി. സഹ ഓപ്പണര്‍ ഹെന്‍‌ഡ്രിക്ക്‌സിനെ രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. ഹെന്‍‌ഡ്രിക്ക്‌സിനെ ഫെര്‍ണാണ്ടോയും ഡി കോക്കിനെ ധനഞ്ജയുമാണ് പുറത്താക്കിയത്. ദക്ഷിണാഫ്രിക്ക 38.5 ഓവറില്‍ വിജയത്തിലെത്തുമ്പോള്‍ ഡുപ്ലസിക്കൊപ്പം ഡസന്‍(43 പന്തില്‍ 32) പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47 ഓവറില്‍ 231 റണ്‍സില്‍ പുറത്താവുകയായിരുന്നു. അര്‍ദ്ധ സെഞ്ചറി നേടിയ കുശാല്‍ മെന്‍ഡിസാണ്(73 പന്തില്‍ 60) ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ പെരേര(33), ഓഷാണ്ടോ ഫെര്‍ണാണ്ടോ(49), ധനഞ്ജയ ഡി സില്‍വ(39) നായകന്‍ ലസിത് മലിംഗ(15) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 

ടീം സ്‌കോര്‍ 23 റണ്‍സില്‍ നില്‍ക്കേ ഓപ്പണര്‍മാരെ നഷ്ടമായപ്പോള്‍ മധ്യനിരയുടെ കരുത്തിലാണ് ലങ്ക കരകയറിയത്. മൂന്നാം വിക്കറ്റിലെയും അഞ്ചാം വിക്കറ്റിലെയും ചെറുത്തുനില്‍ക്ക് ലങ്കയ്ക്ക് സഹായകമായി. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡിയും താഹിറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. 10 ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താഹിര്‍ മൂന്ന് പേരെ മടക്കിയത്. റബാഡയും എന്‍‌റിച്ചും ഓരോ വിക്കറ്റ് നേടി.