ഇംഗ്ലണ്ടിന്റെ മുന്‍നിര - മധ്യനിര താരങ്ങള്‍ ഒരുപോലെ നിരാശപ്പെടുത്തിയ മത്സരത്തില്‍ വാലറ്റക്കാരുടെ പ്രകടനമാണ് കടുത്ത നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മാര്‍ക് വുഡാണ് (പുറത്താവാതെ 43) ടോപ് സ്‌കോറര്‍.

മുംബൈ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിവിട്ട് ദക്ഷിണാഫ്രിക്ക. 229 റണ്‍സിന്റെ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്ക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. ഹെന്റിച്ച് ക്ലാസന്റെ (67 പന്തില്‍ 109) സെഞ്ചുറിയും മാര്‍കോ ജാന്‍സന്‍ (42 പന്തില്‍ 75), റീസ ഹെന്‍ഡ്രിക്‌സ് (75 പന്തില്‍ 85), വാന്‍ ഡര്‍ ഡസ്സന്‍ (61 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗുകളാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 22 ഓവറില്‍ 170 റണ്‍സിന് എല്ലാവരും പുറത്തായി. ജെറാള്‍ഡ് കോട്‌സീ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ മുന്‍നിര - മധ്യനിര താരങ്ങള്‍ ഒരുപോലെ നിരാശപ്പെടുത്തിയ മത്സരത്തില്‍ വാലറ്റക്കാരുടെ പ്രകടനമാണ് കടുത്ത നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മാര്‍ക് വുഡാണ് (പുറത്താവാതെ 43) ടോപ് സ്‌കോറര്‍. ഗസ് ആറ്റ്കിന്‍സണ്‍ (35) മികച്ച പ്രകടനം പുറത്തെടുത്തു. ഹാരി ബ്രൂക്ക് (17), ജോസ് ബട്‌ലര്‍ (12), ജോണി ബെയര്‍സ്‌റ്റോ (10), ആദില്‍ റഷീദ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഡേവിഡ് മലാന്‍ (6), ജോ റൂട്ട് (2), ബെന്‍ സ്‌റ്റോക്‌സ് (5) എന്നിവരാണ് പുറത്തായ താരങ്ങള്‍. റീസെ ടോപ്ലി (0) ബാറ്റിംഗിനെത്തിയില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ഫോമിലുള്ള ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായിരുന്നു. രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയ ഡി കോക്കിനെ റീസ് ടോപ്ലിയാണ് മടക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഹെന്‍ഡ്രിക്സും റാസീ വാന്‍ ഡെര്‍ ഡസ്സനും പ്രോട്ടീസിനെ കരകയറ്റി. ഇരുവരും മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 25.2 ഓവറില്‍ 164-3. സ്പിന്നര്‍ ആദില്‍ റഷീദിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഇതിന് ശേഷം ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (44 പന്തില്‍ 42), ഡേവിഡ് മില്ലര്‍ (6 പന്തില്‍ 5) എന്നിവരെയും ടോപ്ലി മടക്കിയെങ്കിലും ദക്ഷിണാഫ്രിക്ക പതറിയില്ല. അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 36.3 ഓവറില്‍ 243 റണ്‍സുണ്ടായിരുന്നു അവര്‍ക്ക്. 

ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ഹെന്റിച് ക്ലാസനും മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തല്ലിമെതിക്കുന്നതാണ് പിന്നീട് കണ്ടത്. 44-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയോടെ ക്ലാസന്‍ ടീമിനെ 300 കടത്തി. അമ്പത് തികയ്ക്കാന്‍ 40 പന്തുകളെടുത്ത ക്ലാസന്‍ പിന്നീടുള്ള 21 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ക്ലാസന് ഉറച്ച പിന്തുണ നല്‍കിയ യാന്‍സന്‍ സിക്‌സോടെ 35 പന്തില്‍ ഫിഫ്റ്റി കടന്നു. 67 പന്തില്‍ 109 റണ്‍സെടുത്ത ക്ലാസനെയും മൂന്ന് പന്തില്‍ മൂന്ന് നേടിയ ജെറാള്‍ഡ് കോട്സേയെയും അറ്റ്കിന്‍സന്‍ പുറത്താക്കിയപ്പോള്‍ യാന്‍സന്‍ 42 പന്തില്‍ 75* റണ്‍സുമായി പുറത്താവാതെ നിന്നു. കേശവ് മഹാരാജാണ് (1 പന്തില്‍ 1*) പുറത്താവാതെ നിന്ന മറ്റൊരു ബാറ്റര്‍. അവസാന 10 ഓവറില്‍ 143 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ഇതില്‍ 84 റണ്‍സ് അവസാന അഞ്ച് ഓവറിലായിരുന്നു.

സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം, ക്യാപ്റ്റന്‍സി! കേരളം ചണ്ഡീഗഢിനെ മറികടന്നു; സയ്യിദ് മുഷ്താഖ് അലിയില്‍ നാലാം ജയം