ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക് അണ്ടര്‍ 19 യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക് അണ്ടര്‍ 19 യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി. സിംബാബ്വെയ്ക്കെതിരായ മത്സരത്തിനിടെയാണ് പുതിയ നാഴികക്കല്ല് പിറന്നത്. വാന്‍ ഷാല്‍ക്വിക്ക് വെറും 153 പന്തില്‍ നിന്ന് 19 ഫോറുകളും ആറ് സിക്‌സറുകളും ഉള്‍പ്പെടെയാണ് 215 റണ്‍സ് നേടിയത്. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 385 റണ്‍സ് നേടി. യൂത്ത് ഏകദിന ക്രിക്കറ്റിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്.

ഇന്ത്യയുടെ വൈഭവ് സൂര്യവംശി യൂത്ത് ഏകദിനത്തില്‍ 200 റണ്‍സ് നേടണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. അത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ യുവതാരം നേട്ടം സ്വന്തം പേരിലാക്കിയത് ശ്രീലങ്കയുടെ ഹസിത ബോയഗോഡ നേടിയ 191 റണ്‍സായിരുന്നു ഇതുവരെ ലോക യൂത്ത് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2018 ല്‍ കെനിയയ്ക്കെതിരെ ആയിരുന്നു ഈ പ്രകടനം. മൂന്ന് ദിവസത്തിനുള്ളില്‍ വാന്‍ ഷാല്‍ക്വിക്ക് കളിക്കുന്ന രണ്ടാമത്തെ കൂറ്റന്‍ വ്യക്തിഗത സ്‌കോറാണിത്. നേരത്തെ, ബെനോനിയില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെതിരെ അദ്ദേഹം പുറത്താകാതെ 164 റണ്‍സ് നേടിയിരുന്നു.

അന്ന് വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ അവസാനിപ്പിച്ചതോടെ ഇരട്ട സെഞ്ചുറി മോഹം നടന്നില്ല. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 14 റണ്‍സിന് വിജയിക്കുകയും ചെയ്തു. യൂത്ത് ഏകദിനത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ജാക്വസ് റുഡോള്‍ഫിന്റെ പേരിലായിരുന്നു. 2000 ജനുവരിയില്‍ നേപ്പാളിനെതിരെ അദ്ദേഹം പുറത്താകാതെ 156 റണ്‍സ് നേടിയിരുന്നു.

സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 278 റണ്‍സിന് ജയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോറിനെതിരെ സിംബാബ്‌വെ 107ന് എല്ലാവരും പുറത്തായി. എനാതി കിറ്റ്ഷിനി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാല് വിക്കറ്റെടുത്തു. നേരത്തെ, ഷാല്‍ക്വിക്കിന്റെ പോരാട്ടം 47-ാം ഓവറിലാണ് പുറത്തായത്. സിംബാബ്വെയ്ക്ക് വേണ്ടി തതേന്ദ ചിമുഗോരോ ആറ് വിക്കറ്റ് വീഴ്ത്തി.

YouTube video player