കൊച്ചി: മലയാളി പേസര്‍ എസ് ശ്രീശാന്തിന് പലപ്പോഴും മുട്ടുവിറച്ചിട്ടുണ്ട് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്. ടി20 ലോകകപ്പള്‍ ഉള്‍പ്പെടെ നിരവധി തവണ ശ്രീ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയിട്ടുണ്ട്്. ഡിവില്ലിയേഴ്‌സുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ശ്രീ. കൗ കോര്‍ണര്‍ കോര്‍ണിക്കിള്‍സ് എന്ന യൂട്യൂബ് ചാനലുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു ശ്രീ. 

ഡിവില്ലിയേഴ്‌സിന് എന്നെ നേരിടാന്‍ ഇഷ്ടമല്ലായിരുന്നെന്നാണ് ശ്രീശാന്ത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഡിവില്ലിയേഴ്‌സ് മഹാനായ താരമാണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ചിലപ്പോഴെല്ലാം അദ്ദേഹത്തിന് എന്റെ മുന്നില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. എബിഡിക്കെതിരേ ബൗള്‍ ചെയ്യുമ്പോഴെല്ലാം എനിക്ക് വിക്കറ്റ് നേടാന്‍ സാധിച്ചിട്ടുണ്ട്. എന്നെ നേരിടുമ്പോള്‍ ഡിവില്ലിയേഴ്സിന് എന്താണ് സംഭവിക്കുന്നതെന്നറിയില്ല. 

മിക്കപ്പോഴും അദ്ദേഹം പുറത്താവുന്നു. പ്രഥമ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ എബിഡിയെ ആദ്യം വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത പന്തില്‍ അതേ രീതിയില്‍ തന്നെ എബിഡിയെ ഔട്ടാക്കി. ആദ്യം രക്ഷപ്പെടുകയും തൊട്ടടുത്ത പന്തില്‍ ഔട്ടാവുകയും ചെയ്യുമ്പോള്‍ എന്തായിരുന്നു എബിഡിയുടെ മനസ്സിലെന്നറിയാന്‍ ആഗ്രഹമുണ്ട്. എബിഡി ഇന്ത്യയിലേക്കു വരുമ്പോള്‍ നിങ്ങള്‍ ഇതേക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം.'' ശ്രീ പറഞ്ഞുനിര്‍ത്തി.

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ശ്രീയുടേത്. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പേസര്‍ രണ്ടു വിക്കറ്റെടുത്തിരുന്നു. ഒരു മെയ്ഡന്‍ ഓവറും ഇതില്‍പ്പെടുന്നു. എബിഡി, മാര്‍ക്ക് ബൗച്ചര്‍ എന്നിവരെയാണ് ശ്രീശാന്ത് പുറത്താക്കിയത്.