കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ച് ആരും സംസാരിക്കുന്നത് പോലുമില്ല. ടൂര്‍ണമെന്റ് നടക്കുമോ എന്ന് പോലും സംശയമാണ്. ടൂര്‍ണമെന്റ് നടക്കുകാണെങ്കില്‍ ആരാകും ഈ സീസണിലെ വിജയിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സീസണില്‍ ഐപിഎല്‍ നടക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് ചാംപ്യന്മാരാവുമെന്നാണ് ശ്രീശാന്ത് പറയുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ ആദ്യ നാലിലെത്തുമെന്നും ശ്രീശാന്ത് പ്രവചിക്കുന്നു. ഹെലോ ആപ്പിലൂടെ ലൈവില്‍ വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്. ശ്രീ തുടര്‍ന്നു... ''രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഇത്തവണയും കിരീടം നേടും.

ധോണിയുടെ കീഴിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനല്‍ കളിക്കും. ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരും ആദ്യ നാലിലുണ്ടാവും.'' ശ്രീ പറഞ്ഞു നിര്‍ത്തി.

ഐപിഎല്‍ നിലവിലെ ചാംപ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. 2013, 15, 17 വര്‍ശഷങ്ങളിലായിരുന്നു അതിനു മുമ്പ് മുംബൈയെ തേടി കിരീടമെത്തിയത്.