Asianet News MalayalamAsianet News Malayalam

ഗാംഗുലിയും ധോണിയും കോലിയുമല്ല; എക്കാലത്തെയും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്നും മികച്ച ബൌളര്‍ ജസ്പ്രീത് ബുമ്രയാണെന്നും റാപ്പിഡ് ഫയര്‍ റൌണ്ടില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീശാന്ത്

Sreesanth says Kapil Dev is India's best captain ever
Author
Kochi, First Published Apr 17, 2020, 9:07 PM IST

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി എസ് ശ്രീശാന്ത്. സൌരവ് ഗാംഗുലിയോ എം എസ് ധോണിയും വിരാട് കോലിയും അല്ല കപില്‍ ദേവാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന് ഹലോ ലൈവില്‍ പങ്കെടുത്ത് ശ്രീശാന്ത് പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ബൌളിംഗിനിടെ സമ്മര്‍ദ്ദത്തിലായ തനിക്ക് ധൈര്യം തന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗുമാണെന്നും ശ്രീശാന്ത് പറഞ്ഞു.

Sreesanth says Kapil Dev is India's best captain ever2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും പങ്കാളിയാണെങ്കിലും 2011ലെ ലോകകപ്പ് വിജയമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സച്ചിനായി ലോകകപ്പെടുക്കണം എന്ന ഒറ്റ ലക്ഷ്യമായിരുന്നു ടീം അംഗങ്ങള്‍ക്കെല്ലാം. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനാണ് ആഗ്രമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Also Read: ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ശ്രീശാന്ത്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്നും മികച്ച ബൌളര്‍ ജസ്പ്രീത് ബുമ്രയാണെന്നും റാപ്പിഡ് ഫയര്‍ റൌണ്ടില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പാക്കിസ്ഥാനുമായി ഇപ്പോള്‍ ക്രിക്കറ്റ് പരമ്പര കളിക്കുന്നതിനോട് യോജിപ്പില്ലെന്നും രാജ്യമാണ് പ്രധാനമെന്നും ശ്രീ വ്യക്തമാക്കി.

ധോണി ഇതിഹാസതാരമാണെന്ന് വ്യക്തമാക്കിയ ശ്രീശാന്ത് ലോക്ഡൌണ്‍ കാലം കുടുംബത്തോടൊപ്പം സമാധാനത്തോടെ ചെലവഴിക്കുകയാണെന്നും പറഞ്ഞു. ഫിറ്റ്നെസിലാണ് ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും. ഭാര്യ ഭുവനേശ്വരി കുമാരിയുമായുള്ള തന്റെ പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Also Read: അന്ന് ഇന്ത്യന്‍ ടീമിന് പുറത്താകാന്‍ കാരണം ദിനേശ് കാര്‍ത്തിക്ക്: ശ്രീശാന്ത്

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച മലയാളി ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10 ടി20 മത്സരത്തിലും ശ്രീശാന്ത് ഇന്ത്യക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 87ഉം ഏകദിനത്തില്‍ 75ഉം ടി20യില്‍ ഏഴും വിക്കറ്റുകളാണ് ശ്രീശാന്തിന്റെ പേരിലുള്ളത്. 2013ല്‍ ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്തിന്റെ വിലക്ക് പിന്നീട് ബിസിസിഐ ഓംബുഡ്സ്മാന്‍ ഏഴ് വര്‍ഷമായി കുറച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുന്നത്.

Follow Us:
Download App:
  • android
  • ios