മുംബൈ: ഐപിഎല്ലിൽ അടുത്ത സീസണിന് മുന്നോടിയായി താരലേലമുണ്ടായാലും കെയ്ൻ വില്യംസണെ കൈവിടില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. ഇതേസമയം, ധോണി ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സഞ്ജയ് ബാംഗർ അഭിപ്രായപ്പെട്ടു.

ഐപിഎൽ പതിനാലാം പതിപ്പിൽ പുതിയ ടീമുകളുണ്ടാവുമെന്ന സൂചനകളാണ് ബിസിസിഐ നൽകുന്നത്. ഇതുകൊണ്ടുതന്നെ മത്സരങ്ങൾക്ക് മുൻപ് താരലേലവും നടക്കും. മെഗാ താരലേലം നടന്നാൽ പലടീമുകളും വെട്ടിലാവും. കാരണം നിലവിലെ ടീമിലെ മൂന്ന് താരങ്ങളെ മാത്രമേ നിലനിർത്താൻ കഴിയൂ. ബാക്കിയുള്ളവരെയെല്ലാം ലേലത്തിനായി വിട്ടുനൽകേണ്ടിവരും. മുംബൈ ഇന്ത്യൻസ് അടക്കം വിന്നിംഗ് കോംപിനേഷൻ കണ്ടെത്തിയ ടീമുകൾക്കാവും താരലേലം തിരിച്ചടിയാവുക. 

ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് തുടങ്ങി ടീം ഉടച്ചുവാർക്കാൻ ഒരുങ്ങുന്നവർക്ക് ലേലം അനുഗ്രഹമാവുകയും ചെയ്യും. കഴിഞ്ഞ താരലേലത്തിൽ ടീമുകൾക്ക് രണ്ട് വിദേശ താരങ്ങളെ നിലനി‍ർത്താനാണ് അനുമതി ഉണ്ടായിരുന്നത്. ഇങ്ങനെയെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദ് കെയ്ൻ വില്യംസൺ, സ്‌പിന്നർ റാഷിദ് ഖാൻ എന്നിവരിൽ ആരെ ലേലത്തിന് വിട്ടുനൽകുമെന്ന ആശങ്കയിലാണ് ആരാധകർ. താരലേലം നടന്നാലും ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണെ വിട്ടുകളയില്ലെന്ന് ക്യാപ്റ്റൻ ഡേവിഡ് വാ‍ർണർ പറയുന്നു.

ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍, മിച്ചല്‍ മാര്‍ഷ്, മുഹമ്മദ് നബി, ഫാബിയന്‍ അലന്‍, ബില്ലി സ്റ്റാന്‍ലേക്ക്, ജേസണ്‍ ഹോള്‍ഡര്‍, കെയ്ന്‍ വില്യംസണ്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് സണ്‍റൈസേഴ്‌സിലെ വിദേശ താരങ്ങൾ. ഇത്തവണ വൻ തിരിച്ചടി നേരിട്ടെങ്കിലും അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാവുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ധോണിയടക്കമുള്ളവർ ബാറ്റിംഗിൽ പരാജയപ്പെട്ടപ്പോൾ ചരിത്രത്തിൽ ആദ്യമായി ചെന്നൈ പ്ലേ ഓഫിൽ എത്താതെ പുറത്തായി. ഇതുകൊണ്ടുതന്നെ ധോണി അടുത്ത സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗർ പറയുന്നത്. ക്യാപ്റ്റൻ സ്ഥാനം ഫാഫ് ഡുപ്ലെസിക്ക് നൽകി ധോണി സ്വതന്ത്രനായി കളിക്കാനാവും താൽപര്യപ്പെടുക. മുൻപ് ഇന്ത്യൻ ടീമിൽ ധോണി ക്യാപ്റ്റൻ സ്ഥാനം വിരാട് കോലിക്ക് നൽകി സ്വതന്ത്രനായി കളിച്ചിട്ടുണ്ടെന്നും ബാംഗർ പറയുന്നു. 

ടി20 ക്രിക്കറ്റ് ഒളിംപിക്‌സ് ഇനമാക്കണം; ശക്തമായി വാദിച്ച് ദ്രാവിഡ്